HOME
DETAILS
MAL
ലഷ്‌കറെ ത്വയ്യിബ ഉള്‍പ്പെടെ 12 ഭീകരസംഘടനകള്‍ സജീവം
backup
September 29 2021 | 05:09 AM
വാഷിങ്ടണ്‍: ലഷ്‌കറെ ത്വയ്യിബ, ജയ്‌ഷെ മുഹമ്മദ് എന്നിവയുള്‍പ്പെടെ അമേരിക്ക വിദേശ ഭീകരസംഘടനകളെന്ന് മുദ്രകുത്തിയ 12 സംഘടനകള്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നതായി യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്.
2001ല്‍ യു.എസിന്റെ കരിമ്പട്ടികയിലുള്‍പ്പെടുത്തിയ ലഷ്‌കറാണ് 2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണം പോലെ നിരവധി ആക്രമണങ്ങള്‍ നടത്തിയത്. മസ്ഊദ് അസ്ഹര്‍ സ്ഥാപിച്ച ജെയ്‌ഷെയാണ് 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ സംഘടന യു.എസിനെതിരേ തുറന്നയുദ്ധം പ്രഖ്യാപിച്ചതാണെന്നും യു.എസ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഖ്വാഡ് ഉച്ചകോടിയുടെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
1980ല്‍ അഫ്ഗാനില്‍ സോവിയറ്റ് സേനയ്‌ക്കെതിരേ പോരാടാന്‍ രൂപീകരിച്ച ഹര്‍കത്തുല്‍ ജിഹാദെ ഇസ്‌ലാമി 1989ന് ശേഷം ഇന്ത്യക്കെതിരേ തിരിഞ്ഞതായും അഫ്ഗാനിലെ താലിബാന് ആളുകളെ നല്‍കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. കശ്മിരിനെ പാകിസ്താനിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പ്രധാനമായും പാക് അധീന കശ്മിരും ചില പാക് നഗരങ്ങളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. 2017ല്‍ യു.എസ് ഭീകരപട്ടികയില്‍ ചേര്‍ത്ത ഹിസ്ബുല്‍ മുജാഹിദീന്‍ ജമ്മുകശ്മിരിലാണ് പ്രവര്‍ത്തിക്കുന്നത്. അല്‍ഖാഇദയും പാകിസ്താനിലുണ്ട്. പാകിസ്താന്‍ ഭീകരരുടെ സുരക്ഷിതകേന്ദ്രമാണെന്ന് 2019ലെ യു.എസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. അഫ്ഗാനെയും ഇന്ത്യയെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്ക് പാകിസ്താന്‍ അതിന് അനുമതി നല്‍കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഭീകരസംഘടനകളെ തടയാന്‍ പാകിസ്താന്‍ നടപടിയെടുക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.പാകിസ്താന്‍ നിരവധി ഭീകരസംഘടനകളുടെ കേന്ദ്രവും ലക്ഷ്യവുമാണെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ചിലത് 1980 മുതല്‍ അവിടെ പ്രവര്‍ത്തിച്ചുവരികയാണ്. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളില്‍ ചിലത് ആഗോളതലത്തിലും ചിലത് അഫ്ഗാനിലും പ്രവര്‍ത്തിക്കുമ്പോള്‍ വേറെ ചിലത് ഇന്ത്യയെ- പ്രത്യേകിച്ച് കശ്മിരിനെ- ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."