വെട്ടാതെയും വെട്ടിപ്പിടിക്കാം
മുഹമ്മദ്
ബോര്‍ഡില്‍ പത്തു സെന്റിമീറ്റര്‍ നീളത്തില്‍ വരച്ചശേഷം അധ്യാപകന്‍ പറഞ്ഞു:
'ഈ വര ചെറുതാക്കാന്‍ കഴിയുന്നവരുണ്ടെങ്കില്‍ മുന്നോട്ടു വരിക.'
ഒരു കുട്ടി ചാടിയെഴുന്നേറ്റു. ഞാന്‍ തയാറാണെന്നു പറഞ്ഞ് മുന്നോട്ടുവന്ന അവന്‍ ബോര്‍ഡിലെ വര അല്‍പം മായ്ച്ചുകളയുകയായിരുന്നു ചെയ്തത്.
അധ്യാപകന്‍ ചോദിച്ചു: 'ഇപ്പോള്‍ വര ചെറുതായോ?'
ചെറുതായെന്ന് എല്ലാ കുട്ടികളും മറുപടി പറഞ്ഞു.
പിന്നീട് അദ്ദേഹം വീണ്ടും പത്തു സെന്റിമീറ്റര്‍ നീളത്തില്‍ വരച്ചശേഷം ചോദിച്ചു:
'ഇനി ഈ വര ചെറുതാക്കണം. പക്ഷേ, ഈ വരയില്‍ തൊടാനേ പാടില്ല!'
വരയില്‍ തൊടാതെ വര ചെറുതാക്കുകയോ? കുട്ടികള്‍ക്ക് അതൊരു അസംഭവ്യകാര്യമായി തോന്നി. പല വഴിക്കും ആലോചന പോയെങ്കിലും വഴി കണ്ടെത്താനായില്ല. അവസാനം തോല്‍വി സമ്മതിച്ചെന്നു കണ്ടപ്പോള്‍ അധ്യാപകന്‍ പറഞ്ഞു:
'ഈ വര ഞാന്‍ ചെറുതാക്കിക്കാണിക്കാം.'
അദ്ദേഹം തൊട്ടടുത്ത് പതിനഞ്ചു സെന്റിമീറ്റര്‍ നീളത്തില്‍ വേറൊരു വര വരച്ചു. എന്നിട്ടു ചോദിച്ചു:
'ഇപ്പോള്‍ ഈ വര ചെറുതായതായി തോന്നുന്നില്ലേ?'
വരയില്‍ തൊടാതെ വര ചെറുതാക്കാനുള്ള വഴി വരയ്ക്കു സമീപം വലിയ വരയിട്ടാൽ മതിയെന്ന വസ്തുത ചില യാഥാര്‍ഥ്യങ്ങളിലേക്കുള്ള ചൂണ്ടുവിരലാണ്. സങ്കടങ്ങള്‍ എത്ര കനത്തതും കടുത്തതുമായിക്കൊള്ളട്ടെ. അതു ചെറുതാക്കാന്‍ സങ്കടകാരണങ്ങളില്‍ ഇടപെടുകയേ വേണ്ടാ. അതില്‍ തൊടാതെ സങ്കടങ്ങളെ ചെറുതാക്കാം.
തന്നെക്കാള്‍ വലിയ സങ്കടവും പ്രയാസവും അനുഭവിക്കുന്നവരെ പോയി സന്ദര്‍ശിക്കുക...!
നിങ്ങള്‍ക്കു നിങ്ങളുടെ സങ്കടങ്ങള്‍ ചെറുതാവുകയല്ല, ശമിച്ചുതന്നെ കിട്ടും.
ദരിദ്രനു ധനികനാകാന്‍ വഴിയുണ്ട്. പണത്തിന്റെ പിന്നാലെ പോവുകയോ അത്യധ്വാനം ചെയ്യുകയോ വേണ്ടാ. തന്നെക്കാള്‍ വലിയ ദാരിദ്ര്യം അനുഭവിച്ചു ജീവിക്കുന്നവരെ പോയി കാണുക. അവരുടെ ദാരിദ്ര്യം കാണുമ്പോള്‍ താന്‍ ധനികനാണെന്നു മനസിലാകും. ബാധിച്ചത് എത്ര വലിയ രോഗമാണെങ്കിലും ആ രോഗം ചെറുതാക്കാന്‍ തന്നെക്കാള്‍ വലിയ രോഗികളെ കാണുക.
ഒന്നാം നിലയിലുള്ളവനെ സംബന്ധിച്ചിടത്തോളം രണ്ടാം നിലയിലുള്ളവന്‍ മുകളിലാണു നില്‍ക്കുന്നത്. ഇനി അവനെ താഴെയാക്കാന്‍ എന്താണു വഴി? ചിലര്‍ അവനെ പിടിച്ച് താഴെയിറിക്കും. അതൊരു മാര്‍ഗം തന്നെ. പക്ഷേ, ഉദാത്തമായ മാര്‍ഗമല്ല. ഓട്ടമത്സരത്തില്‍ മുന്നില്‍ പോയവനെ പിന്നിലാക്കാന്‍ ഇടം കാലിട്ട് അവനെ തള്ളിയിടുന്ന ഏര്‍പ്പാടാണത്. ആ വഴി സ്വീകരിച്ചാല്‍ അവനെ പിന്നിലാക്കി മുന്നിലെത്താമെങ്കിലും വിജയമുണ്ടാകില്ല. എതിര്‍ സ്ഥാനാര്‍ഥിക്കെതിരേ ഇല്ലാക്കഥകളും ദുരാരോപണങ്ങളും അഴിച്ചുവിട്ടാല്‍ തെരഞ്ഞെടുപ്പില്‍ അവനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞെന്നുവരും. അവന്‍ പരാജയപ്പെടുക വഴി തനിക്ക് വിജയം നേടാന്‍ കഴിഞ്ഞെന്നും വരും. എന്നുകരുതി അതൊരു വിജയമാണോ?
രണ്ടാം നിലയിലുള്ളവനെ താഴെയാക്കാനുള്ള ഏറ്റവും ഉചിതവും ഉദാത്തവുമായ മാര്‍ഗം ഒന്നാം നിലയിലുള്ളവന്‍ മൂന്നാം നിലയില്‍ കയറലാണ്. മൂന്നാം നിലയിലെത്തിയാല്‍ അതുവരെ മുകളിലായവന്‍ താഴെയാകും. അതാണു വിജയം. വരയെ വെട്ടി മാറ്റിയല്ല അതിനെ ചെറുതാക്കേണ്ടത്; അതിനെക്കാള്‍ വലിയത് വരച്ചുകൊണ്ടാണ്. എതിര്‍സ്ഥാനാര്‍ഥിക്കെതിരേ ദുരാരോപണങ്ങള്‍ അഴിച്ചുവിട്ടല്ല, തന്റെ കഴിവും യോഗ്യതയും തെളിയിച്ചുകൊണ്ടാണ് വിജയിക്കേണ്ടത്.
എതിരാളിയുടെ അയോഗ്യതയാണ് നിങ്ങള്‍ യോഗ്യനാകാന്‍ കാരണമായതെങ്കില്‍ നിങ്ങളും അയാളെ പോലെ അയോഗ്യന്‍ തന്നെ. അയാള്‍ നിങ്ങളെക്കാള്‍ കൂടുതല്‍ അയോഗ്യനായെന്നു മാത്രം. ബാക്കിയുള്ളവരെല്ലാം മൂക്കില്ലാത്തവരായതിനാല്‍ മുറിമൂക്കനായ നിങ്ങള്‍ രാജാവായെന്നു മാത്രം. അപ്പോഴും നിങ്ങള്‍ മുറിമൂക്കന്‍ തന്നെ. കൂട്ടത്തിലാരെങ്കിലും മുഴുമൂക്കനായിരുന്നുവെങ്കില്‍ മുറിമൂക്കനായ നിങ്ങള്‍ക്കു പ്രജയായിതന്നെ തുടരേണ്ടി വരുമായിരുന്നു.
അവനവന്റെ വിജയം അപരന്റെ പരാജയമാകരുത്. അവന്റെ പരാജയമാണു തന്റെ വിജയകാരണമെങ്കില്‍ അതു തന്റെ വിജയമല്ല, അവന്റെ പരാജയം മാത്രമാണ്. ഞാന്‍ ഉയര്‍ന്നത് മറ്റൊരാളെ തളര്‍ത്തിയാണെങ്കില്‍ അത് അയാളുടെ തളര്‍ച്ച എന്നല്ലാതെ എന്റെ ഉയര്‍ച്ച എന്നു പറയാനാകില്ല.
തെരഞ്ഞെടുപ്പില്‍ ജയിച്ചത് സ്ഥാനാര്‍ഥി കഴിവുള്ളവനായതുകൊണ്ടാകാം. എതിര്‍ സ്ഥാനാര്‍ഥി കഴിവുകെട്ടവനായതുകൊണ്ടാകാം. എതിര്‍ സ്ഥാനാര്‍ഥി കഴിവുകെട്ടവനായതുകൊണ്ട് മറു സ്ഥാനാര്‍ഥി വിജയിച്ചാല്‍ അതു തിളക്കമുള്ള വിജയമല്ല.
ഒരിക്കല്‍ കൂടി പറയട്ടെ, വസ്തുവിനെ ചെറുതാക്കാന്‍ വസ്തുവിനെ വെട്ടിമാറ്റേണ്ടതില്ല, വസ്തുവിനെ നോക്കിക്കാണുന്ന രീതി മാറ്റിയാല്‍ മതി. ഭാരമില്ലാതാക്കാന്‍ തൂക്കം കുറയ്ക്കുകയോ അളവ് ചുരുക്കുകയോ ചെയ്യേണ്ടതില്ല, ഭാരമാണെന്ന ചിന്ത മാറ്റിയാല്‍ മതി. മനസില്‍നിന്ന് ഭാരം നീങ്ങുമ്പോള്‍ തലയിലെ ഭാരം കുറയും. ദുഃഖമകറ്റാന്‍ ദുഃഖസാഹചര്യത്തെ അടിച്ചമര്‍ത്തേണ്ടതില്ല, ദുഃഖസാഹചര്യത്തോടുള്ള കാഴ്ചപ്പാട് മാറ്റിയാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."