പൊതുസ്ഥാപനങ്ങളിലെ ഓപ്പറേഷൻ, മെയിന്റനൻസ് മേഖലകളിൽ സഊദിവത്കരണം ഊർജ്ജിതമാക്കുന്നു; കരാറുകൾ ഖിവയിലൂടെ മാത്രം
റിയാദ്: സഊദിയിൽ പൊതുസ്ഥാപനങ്ങളിലെ ഓപ്പറേഷൻ, മെയിന്റനൻസ് മേഖലകളിൽ സഊദിവത്കരണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കരാറുകൾ ഖിവ പ്ലാറ്റ്‌ഫോമിനുള്ളിൽ ഇലക്ട്രോണിക് ആയി സമർപ്പിക്കേണ്ട ആദ്യ ഘട്ടം നിലവിൽ വന്നു. ഡിസംബർ ഒന്നിന് നിലവിൽ വന്ന ആദ്യ ഘട്ടത്തിൽ വൻകിട സ്ഥാപനങ്ങൾക്ക് ഇത് നിർബന്ധമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
2024 ജൂൺ 1 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ വലിയ സ്ഥാപനങ്ങളും ഉൾപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു. 2024 ഡിസംബർ 1-ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ ഇത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽ വരും. സർക്കാർ ഏജൻസികളുമായും കമ്പനികളുമായും കരാറിലേർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് മേൽ തീരുമാനം ബാധകമാകും. ഓപ്പറേഷൻ, മെയിന്റനൻസ് കരാറുകളുടെ പ്രാദേശികവൽക്കരണ സേവനത്തിലൂടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ (ഖിവ) കരാറുകളുടെ ഡാറ്റ സമർപ്പിക്കാൻ ഓപ്പറേഷൻ, മെയിന്റനൻസ് കരാറുകളുള്ള സ്ഥാപനങ്ങൾക്ക് ഈ തീരുമാനം നിർബന്ധമാക്കും.
പൊതുസ്ഥാപനങ്ങളിലെ ഓപ്പറേഷൻ, മെയിന്റനൻസ് കരാറുകളുടെ പ്രാദേശികവൽക്കരണം, ആ കരാറുകളിലെ ടാർഗെറ്റുചെയ്‌ത സഊദിവൽക്കരണ നിരക്കുകൾ സ്ഥാപനങ്ങൾ എത്രത്തോളം പാലിക്കുന്നു എന്നിവയെല്ലാം കൃത്യമായി പരിശോധിക്കാനാണ് മന്ത്രാലയ തീരുമാനം. തൊഴിൽ വിപണിയിൽ സഊദി പുരുഷൻമാരുടെയും സ്ത്രീകളുടെയും പങ്കാളിത്ത സാധ്യതകൾ വർധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.
ഓപ്പറേഷൻ, മെയിന്റനൻസ്, സിറ്റി ക്ലീനിംഗ്, റോഡ് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്, കാറ്ററിംഗ്, ഇൻഫർമേഷൻ ടെക്നോളജി ഓപ്പറേഷൻ, മെയിന്റനൻസ് കരാറുകൾ എന്നിവ ഉൾപ്പെടെയുള്ള കരാറുകൾ ഇതിന്റെ പരിധിയിൽ ഉൾപ്പെടും. കഴിഞ്ഞ വര്ഷം ജൂലൈയിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്‌മദ് അൽ രാജ്‍ഹിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."