HOME
DETAILS
MAL
സി.പി.എം ഭരിക്കുന്ന സൊസൈറ്റിയില്‍ കോടികളുടെ ക്രമക്കേടെന്ന്
backup
October 01 2021 | 04:10 AM
പേരാവൂര്‍ (കണ്ണൂര്‍): സി.പി.എം ഭരിക്കുന്ന പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സഹകരണ സൊസൈറ്റിയില്‍ ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്നര കോടിയിലേറെ രൂപയുടെ ക്രമക്കേടെന്ന് ആക്ഷേപം. ചിട്ടിപ്പണം തിരികെ കിട്ടാത്തതില്‍ ക്ഷുഭിതരായ ഇടപാടുകാര്‍ സൊസൈറ്റിക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. രാവിലെ 10ന് ആരംഭിച്ച പ്രതിഷേധം രാത്രി ഏഴുവരെ നീണ്ടു. ഇന്നുച്ചയ്ക്ക് രണ്ടിന് സൊസൈറ്റി സെക്രട്ടറിയെയും ഇടപാടുകാരെയും പൊലിസ് ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്.
സൊസൈറ്റിയില്‍ മാസം 2000 രൂപ വീതമടച്ച് 50 മാസം കൊണ്ട് തീരുംവിധമാണ് ചിട്ടി. നറുക്ക് വന്നവര്‍ തുടര്‍ന്നു പണമടയ്‌ക്കേണ്ടതില്ലാത്ത ചിട്ടിയില്‍ എഴുന്നൂറിലേറെ ആളുകളെ ചേര്‍ത്തിരുന്നു. 2017ല്‍ ആരംഭിച്ച ചിട്ടി 2021 ഓഗസ്റ്റ് 15ന് അവസാനിച്ചു. ഇതില്‍ 50 പേര്‍ക്കു നറുക്കെടുപ്പിലൂടെ പണംനല്‍കി. ബാക്കിയുള്ളവരില്‍ ഏതാനുംപേര്‍ക്കു പണം നല്‍കിയെങ്കിലും ഇനിയും 350ലധികം പേര്‍ക്കു ചിട്ടിപ്പണം കിട്ടാനുണ്ടെന്ന് ഇടപാടുകാര്‍ പറയുന്നു.
ഓഗസ്റ്റ് 16 മുതല്‍ ബാക്കിയുള്ളവര്‍ക്കു പണം നല്‍കുമെന്നു സൊസൈറ്റി അധികൃതര്‍ പറഞ്ഞെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നീട്ടുകയായിരുന്നു. പണം ലഭിക്കാതായതോടെ ഇടപാടുകാര്‍ പേരാവൂര്‍ പൊലിസില്‍ പരാതിനല്‍കി. ഇരുവിഭാഗവും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ ഇന്നലെ എല്ലാവര്‍ക്കും പണം നല്‍കാമെന്നു സ്റ്റേഷനില്‍ വച്ച് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ സൊസൈറ്റിയില്‍ എത്തിയപ്പോള്‍ ആറുമാസം കൂടി അവധി വേണമെന്ന് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതോടെയാണു ക്ഷുഭിതരായ ഇടപാടുകാര്‍ സൊസൈറ്റി അധികൃതരെ ഉപരോധിച്ചത്.
അതേസമയം സൊസൈറ്റിയിലെ ഇടപാടുകളെക്കുറിച്ചും സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാഗ് നിര്‍മാണ യൂനിറ്റിനെക്കുറിച്ചും സഹകരണവകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം നടന്ന അന്വേഷണം പൂര്‍ത്തിയായി. സൊസൈറ്റിയുടെ പണം വകമാറ്റി ചെലവഴിച്ചതില്‍ സൊസൈറ്റി അധികൃതരില്‍ ചിലരുടെ പങ്കിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ചിലര്‍ക്കെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ടെന്നാണു വിവരം.
ദിവസങ്ങളായി ഇടപാടുകാര്‍ സൊസൈറ്റിയില്‍ വന്ന് ജീവനക്കാരുമായി വാക്കേറ്റവും ബഹളവും ഉണ്ടായിട്ടും ഭരണസമിതി പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. സൊസൈറ്റിയില്‍ ചിട്ടി ഇടപാടില്‍ മാത്രം മൂന്നരക്കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായി ഇടപാടുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."