ഇസ്‌റാഈല്‍ കടന്നാക്രമണം അവസാനിപ്പിക്കാതെ ഇനി ചര്‍ച്ചക്കില്ല- ഹമാസ്; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 700 ഫലസ്തീനികള്‍
ഇസ്‌റാഈല്‍ കടന്നാക്രമണം അവസാനിപ്പിക്കാതെ ഇനി ചര്‍ച്ചക്കില്ല- ഹമാസ്; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 700 ഫലസ്തീനികള്‍
വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തു ആക്രമണങ്ങള്‍ അവസാനിപ്പിക്കാതെ ഇനി ചര്‍ച്ചക്കില്ലെന്ന് ഹമാസ്. മുഴുവന്‍ ഇസ്‌റാഈല്‍ തടവില്‍ വെച്ചിരിക്കുന്ന മുഴുവന്‍ ഫലസ്തീന്‍ സ്ത്രീകളേയും കുട്ടികളേയും വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രഖ്യാപനം ചര്‍ച്ചകളിലെ തടസ്സം ചൂണ്ടിക്കാട്ടി ഖത്തറില്‍ നിന്നുള്ള പ്രതിനിധികളെ ഇസ്‌റാഈല്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
ഒരാഴ്ച നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിച്ചതിന് പിന്നാലെ ഗസ്സയില്‍ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ഇസ്‌റാഈല്‍. തെക്കന്‍ ഗസ്സയില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 700 ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 650 പേര്‍ക്ക് പരിക്കേറ്റു.
24 മണിക്കൂറിനിടെ 700 ലേറെ ഫലസ്തീനികളാണ് ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 400 ഇടങ്ങളില്‍ ബോംബിട്ടതായി ഇസ്‌റാഈല്‍ സേന പറയുന്നു. ഇതോടെ ഗസ്സയിലെ ആകെ മരണം 15,200 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അശ്‌റഫ് അല്‍ ഖുദ്‌റ പറഞ്ഞു. ഖാന്‍ യൂനുസില്‍നിന്ന് ജനങ്ങളോട് റഫയിലേക്ക് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് ശക്തമായ ബോംബാക്രമണം തുടങ്ങിയത്.
അതിനിടെ, യുദ്ധം അവസാനിപ്പിക്കാന്‍ ഖത്തറില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍നിന്ന് ഇസ്‌റാഈല്‍ പിന്മാറി. ചര്‍ച്ച വഴിമുട്ടിയതിനെത്തുടര്‍ന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശപ്രകാരം തന്റെ സംഘാംഗങ്ങളോട് നാട്ടിലേക്ക് മടങ്ങാന്‍ മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയ ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ഇരുകൂട്ടരും പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതില്‍ തീരുമാനമാകാതിരുന്നതിനാലാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിക്കേണ്ടിവന്നത്.
വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈലി സൈന്യത്തിന്റെ പരിശോധനയും അറസ്റ്റും തുടരുകയാണ്. ശനിയാഴ്ച ഏഴുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വെടിനിര്‍ത്തല്‍ അവസാനിച്ചതിനുശേഷം ആദ്യ സഹായ ട്രക്ക് റഫ അതിര്‍ത്തി കടന്ന് ഗസ്സയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."