നിധിനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബ്ലേഡ് അഭിഷേക് വാങ്ങിയത് ഒരാഴ്ച മുമ്പ്; കൃത്യം ആസൂത്രിതമെന്ന്
പാലാ: പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. നിധിനയെ കൊലപ്പെടുത്താന്‍ പ്രതിയായ അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയിരുന്നതായി മൊഴിയുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് അഭിഷേക് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയ ബ്ലേഡ് വാങ്ങി ഇടുകയായിരുന്നു. ഇതെല്ലാം സംഭവം ആസൂത്രിതമാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അന്വേഷസംഘം വ്യക്തമാക്കുന്നു.
അഭിഷേക് ബ്ലേഡ് വാങ്ങിയ ഈ കടയില്‍ അടക്കം പൊലിസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്ന് തന്നെ സംഭവം നടന്ന പാലാ സെന്റ് തോമസ് കോളേജിലും പ്രതി ബ്ലേഡ് വാങ്ങിയ കടയിലുമെത്തിച്ച് അഭിഷേകിനെ തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് പാലാ സെന്റ് തോമസ് ക്യാംപസിനുള്ളില്‍ വെച്ച് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ നിധി അതിക്രൂരമായി കൊല്ലപ്പെടുന്നത്. പരീക്ഷ കഴിയുന്നതു വരെ കാത്തുനിന്ന അഭിഷേക് മൂര്‍ച്ചയുള്ള പേനാക്കത്തി ഉപയോഗിച്ച് നിധിനയുടെ കഴുത്തിലെ ഞരമ്പറുക്കുകയായിരുന്നു.
അഭിഷേകും നിധിനയും നേരത്തെ പറഞ്ഞുവെച്ചത് പോലെ പരീക്ഷ കഴിഞ്ഞ് ഒരേ സമയത്ത് ഇറങ്ങുകയായിരുന്നു. ഇരുവരും തമ്മില്‍ നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. നിധിനക്ക് 22 വയസും അഭിഷേകിന് 20 വയസുമാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലെന്ന പേടി അഭിഷേകിനെ അലട്ടിയിരുന്നു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം.
കോളേജിലെ ബി വോക് ഫുഡ് ടെക്നോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. കോഴ്സ് പൂര്‍ത്തിയാക്കിയ ഇരുവരും പരീക്ഷക്കായാണ് കോളേജില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."