മതമല്ല; അപക്വ മനസുകളാണ് ഭീകരവാദം സൃഷ്ടിക്കുന്നത്
തീവ്രവാദവും മതഭീകരതയും മുന്നോട്ടുവയ്ക്കുന്ന ഭീഷണികളെക്കുറിച്ച് ലോകം മുഴുവനും വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍തന്നെ തീവ്രവാദം സങ്കീര്‍ണമായ സമസ്യയായി മാറിക്കഴിഞ്ഞു. പല തലത്തിലുള്ള ഭീകരവാദങ്ങള്‍ തലയുയര്‍ത്തിയിരിക്കുകയും അവയുടെ പ്രവര്‍ത്തനമേഖലകള്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഭീകരവാദം പലതലങ്ങളില്‍, പലമേഖലകളിലായി ലോകത്ത് സജീവമാണ്. ചിലത് മതത്തിന്റെ പേരിലാണെങ്കില്‍ മറ്റുചിലത് ആദര്‍ശങ്ങളുടെ പേരിലും, സങ്കുചിതമായ വീക്ഷണഗതികളുടെ അടിസ്ഥാനത്തിലുമാണ്. മാത്രമല്ല അതിന്റെ വേരുകള്‍ സങ്കീര്‍ണവും വിനാശകാരിയുമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കവുമില്ല.
ലോകത്തിലെ ഏറെക്കുറെ എല്ലാ വിഭാഗം ജനങ്ങളും ഭീകരതയുടെ ഭീഷണിക്ക് ഇരകളായിക്കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. 2001 സെപ്റ്റംബര്‍ 11ലെ അമേരിക്കയിലെ ഭീകരാക്രമണമാണ് ഇതിലേക്ക് ലോകത്തിന്റെ കണ്ണുതുറപ്പിച്ചത്. പ്രധാനമായും രണ്ടു തലങ്ങളിലൂടെയേ ഭീകരവാദത്തിന്റെ ഭീഷണിയെ അര്‍ഥവത്തായി ചെറുക്കാന്‍ നമുക്കു കഴിയുകയുള്ളു. ആദ്യത്തേത് ജനങ്ങളുടെ ഇച്ഛാശക്തി തന്നെ. അടുത്തത് ഭരണകൂടങ്ങളുടെ കര്‍ശന നടപടികളും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് തന്നെ ഭീഷണിയുയര്‍ത്തിയ ഖാലിസ്ഥാന്‍ തീവ്രവാദം തകര്‍ന്ന് തരിപ്പണമായതിന് പിന്നില്‍ ഈ രണ്ടു ഘടകങ്ങളുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിന് വലിയ പങ്കുണ്ടായിരുന്നു.
ഏതു ഭീകരവാദവും ആദ്യം ലക്ഷ്യമിടുന്നത് ചെറുപ്പക്കാരെയാണ്. ഇവരെ ചാവേറുകളാക്കുന്ന സംഘടിത സംഘങ്ങള്‍ക്കെതിരേയാണ് മനുഷ്യ മനസാക്ഷി ഉണരേണ്ടത്. ഭീകരവാദം പലപ്പോഴും ഏകമുഖമല്ല, രാജ്യാന്തര മയക്കുമരുന്നു മാഫിയകള്‍, അധോലോക സംഘങ്ങള്‍ ഇവയെല്ലാം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആഗോള ഭീകരവാദവുമായി കൈകോര്‍ത്തു നില്‍ക്കുന്നു. സംഘടിതമായ ക്രിമിനല്‍ ഗ്രൂപ്പുകള്‍ തീവ്രവാദത്തിന് പിന്നിലുണ്ട്. ചെറുപ്പത്തിലേ പിടിക്കുക എന്ന തത്വശാസ്ത്രം ഉള്‍ക്കൊണ്ട് ഇവര്‍ യുവാക്കളെ ലക്ഷ്യമിടുന്നു. തലയില്‍ നെരിപ്പോടുകളുമായി ജീവിക്കുന്നവരാണ് ചെറുപ്പക്കാരെന്ന് ഫ്രഞ്ച് സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങളെ, വ്യാകുലതകളെ പലപ്പോഴും ഇത്തരം സംഘടിത ക്രിമിനല്‍ ഗ്രൂപ്പുകള്‍ ചൂഷണം ചെയ്യുന്നുണ്ട്.
രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടന്ന് പടര്‍ന്നു പന്തലിച്ച്, ചെറുപ്പക്കാരെ കെണിയില്‍ വീഴ്ത്തി ഈ സംഘടിത ക്രിമിനല്‍ ഗ്രൂപ്പുകള്‍ തീവ്രവാദത്തെയും ഭീകരവാദത്തെയും പരിപോഷിപ്പിക്കുന്നു.
ഈ ലേഖനത്തിന്റെ തലവാചകമായി ഉദ്ധരിച്ച വാചകത്തിന്റെ പ്രസക്തി അവിടെയാണ്. മതമല്ല; അപക്വമായ മനുഷ്യമനസുകളാണ് ഭീകരവാദത്തിന്റെ വിഷവിത്തുകള്‍ വിതയ്കുന്നത്. മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മതം മനുഷ്യന്റെ സ്വകാര്യതയാണ്, ചിട്ടയായ ജീവിത ക്രമമാണ് ഓരോ മതവും മുന്നോട്ടഴവയ്ക്കുന്നത്. എന്നാല്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു മാത്രം മതത്തെ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ മതത്തിന് തീവ്രവാദവുമായി അടുക്കാന്‍ കഴിയുന്നു.
ചുരുക്കത്തില്‍ മതമല്ല, മനുഷ്യനാണ് ഭീകരവാദത്തെയും തീവ്രവാദത്തെയും സൃഷ്ടിച്ചത്. ഭീകവാദത്തിന്റെ പേരില്‍ എതെങ്കിലുമൊരു മതവിഭാഗത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തരുതെന്ന് ജനാധിപത്യ വിശ്വാസികള്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നതും അതുകൊണ്ടാണ്. മതങ്ങള്‍ മാത്രമാണ് കുഴപ്പം എന്നു വരുത്തിത്തീര്‍ക്കാനുള്ള ചിലരുടെ വ്യഗ്രതയോട് എനിക്ക് യോജിപ്പില്ല. വിവേകശൂന്യവും അപക്വവുമായ മനുഷ്യര്‍ എല്ലാ മതത്തിലുമുണ്ടാകും. അവരാണ് ഭീകരവാദം പോലുള്ള ദുരന്തങ്ങള്‍ക്ക് ഊടും പാവും നെയ്യുന്നവര്‍.
മധ്യേഷ്യയില്‍ ഇന്ന് നടമാടുന്ന ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൈകള്‍ സുവ്യക്തമാണ്. സാമ്രാജ്യത്വം, രാഷ്ട്രങ്ങളും സംഘടനകളും സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ് മധ്യേഷ്യയെ മുഴുവന്‍ തീച്ചൂളയിലാക്കിയിരിക്കുന്നത്. എണ്ണക്കുവേണ്ടിയും ആയുധ വില്‍പ്പനക്കുവേണ്ടിയും ഭീകരവാദത്തെ സാമ്രാജ്യത്വം പോറ്റിവളര്‍ത്തുകയാണ്. മതമല്ല സാമ്രാജ്യത്വമാണ് മധ്യേഷ്യയിലെ തീവ്രവാദത്തിന്റെ പ്രായോജകരും ഗുണഭോക്താക്കളമെന്ന് അവിടുത്തെ സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വം വിലയിരുത്തിയാല്‍ നമുക്ക് ബോധ്യമാകും. തങ്ങളുടെ അജന്‍ഡകള്‍ കൃത്യമായി നടപ്പാക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ് സാമ്രാജ്യത്വത്തെ സംബന്ധിച്ചിടത്തോളം മതവും ഭീകരവാദ സംഘടനകളും. സോവിയറ്റ് യൂനിയനെ തകര്‍ക്കാനെന്ന പേരില്‍ താലിബാനെ സൃഷ്ടിച്ചതും പാലൂട്ടി വളര്‍ത്തിയതും അമേരിക്കന്‍ സാമ്രാജ്യത്വമായിരുന്നുവല്ലോ. മതേതരത്വമെന്ന വാക്ക് ഭരണഘടനയില്‍ നിന്നു പോലും മാറ്റണമെന്ന് വാദിക്കുന്ന ആഭ്യന്തരമന്ത്രിയുള്ള ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങള്‍ ആരുടെയോ ഔദാര്യങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും കൊണ്ടുപിടിച്ചു നടക്കുന്നു. ഭിന്നിപ്പ് മതത്തിന്റെ പേരിലാകുന്നത് ഇത്തരക്കാര്‍ക്ക് വലിയ സൗകര്യമാണുണ്ടാക്കുന്നത്. വളരെ എളുപ്പത്തില്‍ ജനങ്ങളെ വിഭജിക്കാനും അതുവഴി രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനും കഴിയുന്നു.
മതേതര രാജ്യമായ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്‌നാഥ് സിംഗിനെപ്പോലുള്ളവരാണ്. ജനങ്ങളെ രണ്ടായോ അതിലധികമായോ വിഭജിച്ചാലും അധികാരം തങ്ങള്‍ക്ക് നഷ്ടപ്പെടരുതെന്നാഗ്രഹിക്കുന്ന സംഘപരിവാര്‍ പോലുള്ളശക്തികളാണ് ഏറ്റവും വലിയ അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കുന്നുവെന്നതാണ് സമീപകാല ഇന്ത്യയുടെ ഏറ്റവും വലിയ ദുരന്തം.പതിനെട്ട് കോടിയോളം വരുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തില്‍നിന്ന് കേവലം നൂറില്‍ താഴെ ആളുകളെ മാത്രമാണ് ഐ.എസ് പോലുള്ള മതഭീകര സംഘടകളെ പിന്തുണക്കാനെങ്കിലും ലഭിച്ചത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ ദേശസ്‌നേഹത്തെയും ദേശീയബോധത്തെയും ചോദ്യം ചെയ്യുന്നവര്‍ക്കുള്ള മുഖമടച്ചുള്ള മറുപടിയാണത്. ഇന്ത്യയെ ഒരു മതേതര - ജനാധിപത്യ വ്യവസ്ഥതിയായി നിലനിര്‍ത്തുന്നതില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ ചരിത്രപരമായ പങ്കാണ് വഹിക്കുന്നത്. ഇന്ത്യ എന്ന പുരാതന രാഷ്ട്രത്തിന്റെ അന്തര്‍ധാരയില്‍ പാലില്‍ പഞ്ചസാരയെന്ന പോല്‍ അലിഞ്ഞു ചേര്‍ന്ന മുസ്‌ലിം സമൂഹത്തെ ഭീകരവാദികളും തീവ്രവാദികളുമാക്കാന്‍ ബദ്ധപ്പെടുന്നവര്‍ ഈ വസ്തുത മനസിലാക്കാത്തവരാണ്.
എന്നാലും ഒരുപറ്റം യുവാക്കള്‍ തീവ്രവാദത്തിലേക്കും ഭീകര പ്രസ്ഥാനങ്ങളിലേക്കും ആകൃഷ്ടരാകുന്നത് നമുക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. യുവാക്കളെ ചൂഷണം ചെയ്ത് ഇത്തരം പ്രസ്ഥാനങ്ങളിലെത്തിക്കുന്നവരും വര്‍ധിച്ചുവരുന്നു.
നമ്മുടെ ചെറുപ്പക്കാര്‍ക്ക് വ്യക്തമായ ദിശാബോധവും ഉള്‍ക്കാഴ്ചയും നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണ്. ശരിയായ മതപഠനത്തില്‍ നിന്ന് യുവാക്കള്‍ അകന്നുപോകുമ്പോഴാണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നത്. ഒരു മതത്തിനും മറ്റൊരു മതത്തെ വെറുക്കാനോ ഇല്ലാതാക്കാനോ കഴിയില്ല. ഒരു മതവും വെറുപ്പും വിദ്വേഷവും പരത്താനും പ്രചരിപ്പിക്കാനും പഠിപ്പിക്കുന്നുമില്ല. ഒരു തീവ്രവാദത്തിനും ലോകത്ത് അധികനാള്‍ ആയുസുമുണ്ടാകില്ല. കാരണം അതിന് സ്ഥായീഭാവമില്ല. ചാവേര്‍ സ്‌ഫോടനങ്ങളും കൂട്ടക്കൊലകളും നിരന്തരമായി അരങ്ങേറുമ്പോള്‍ ജനങ്ങള്‍ ഭീകരവാദത്തെയും തീവ്രവാദത്തെയും വെറുക്കും. ജനങ്ങളുടെ പിന്തുണ ഇല്ലാത്തത് കൊണ്ടാണ് തീവ്രവാദം പരാജയപ്പെടുന്നത്. അതുകൊണ്ട് തന്നെ തീവ്രവാദത്തിന് ആത്യന്തിക ജയമൊന്നില്ല, അത്യന്തിക പരാജയം മാത്രമാണ് അതിനെ തുറിച്ചുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."