HOME
DETAILS
MAL
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം വ്യാപകം
backup
October 19 2021 | 05:10 AM
തിരുവനന്തപുരം: പൊതുവാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില. മക്കളെ സ്‌കൂളിലും കോളജിലും വിടാനും വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനുനുമുള്‍പ്പെടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വാഹനങ്ങള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്തതായി ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പിനു കീഴിലുള്ള സമിതി നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരം, ജയില്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ തുടങ്ങിയ വകുപ്പുകളാണ് വാഹന ദുരുപയോഗത്തില്‍ മുന്‍പന്തിയില്‍. ഇതില്‍ തന്നെ ഭൂരിഭാഗവും പൊലിസ് വാഹനങ്ങളാണ്. റവന്യൂ, തദ്ദേശം, വിദ്യാഭ്യാസം, ആരോഗ്യം, വനം, കൃഷി, സഹകരണം, ജലസേചനം, ജലവിഭവം, പട്ടികജാതി വികസനം, വ്യവസായം എന്നീ വകുപ്പുകളിലും ദുരുപയോഗമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം വ്യാപകമാകുന്നതായി പലതവണ പരാതി ഉയര്‍ന്നിരുന്നു. വകുപ്പ് സെക്രട്ടറിമാര്‍, പ്രധാന വകുപ്പുകളുടെ തലവന്‍മാര്‍, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഒഴികെയുള്ളവരെ താമസസ്ഥലത്തുനിന്ന് ഓഫിസിലെത്തിക്കാനോ തിരിച്ചു താമസസ്ഥലത്തു വിടാനോ സര്‍ക്കാര്‍ വാഹനം ഉപയോഗിക്കരുതെന്നാണ് ചട്ടം.
ഒന്നിലധികം മുന്നറിയിപ്പുകളുണ്ടായതോടെയാണ് ഇക്കാര്യം പരിശോധിച്ചതും പിഴയീടാക്കിയതും. ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ചെലവായ ഇന്ധനത്തിന്റെ പകുതി വില ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാം. എന്നാല്‍ ദുരുപയോഗം നടത്തിയവര്‍ക്കെതിരേ ധനകാര്യവകുപ്പ് ചുമത്തിയ പിഴ ഉദ്യോഗസ്ഥര്‍ അടച്ചില്ലെന്നും കണ്ടെത്തി. 17 വകുപ്പുകളില്‍നിന്നായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 15.6 ലക്ഷം രൂപയാണ് പിഴയിട്ടത്. എന്നാല്‍ പത്തില്‍ താഴെ പേര്‍ മാത്രമാണ് പിഴയടച്ചത്. അര കോടിയിലേറെ (51.63 ലക്ഷം) രൂപ പിഴയിട്ടപ്പോള്‍ അര ലക്ഷം രൂപ മാത്രമാണ് പിഴയിനത്തില്‍ ലഭിച്ചത്.
50 ലക്ഷത്തിലധികം രൂപ ഇനിയും തിരിച്ചുപിടിക്കാനുണ്ട്. അതു തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ധനകാര്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."