രണ്ട് ഡോസ് വാക്സിൻ നിർബന്ധമെന്ന് അധികൃതർ കാലാവധി കാത്ത് അധ്യാപകർ കാലാവധിയിൽ ഇളവ് വേണമെന്ന ആവശ്യം ശക്തം
എടച്ചേരി (കോഴിക്കോട്)
രണ്ട് ഡോസ് വാക്സിൻ എടുത്തവർ മാത്രം സ്കൂളിൽ ഹാജരായാൽ മതിയെന്ന വിദ്യാഭ്യാസ അധികൃതരുടെ നിലപാടിനെതിരേ അധ്യാപകർ. ചെറുപ്പക്കാരായ ഒരു വിഭാഗം അധ്യാപകർ അവരുടെ രണ്ടാമത്തെ ഡോസെടുക്കാൻ കാത്തിരിക്കുകയാണ്. 84 ദിവസം പൂർത്തിയായാലേ രണ്ടാമത്തെ ഡോസ് വാക്സിൻ ലഭിക്കുകയുള്ളൂ. ദിവസം പൂർത്തിയാകാത്തതിനാലാണ് പല അധ്യാപകർക്കും നവംബർ ഒന്നിന് മുമ്പ് രണ്ടാമത്തെ ഡോസ് എടുക്കാൻ സാധിക്കാതെ പോയത്. കാലാവധിയിൽ ഇളവ് നൽകി തങ്ങൾക്ക് രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
രണ്ട് ഡോസും എടുക്കാത്തവർ വിദ്യാലയത്തിൽ വരികയോ, ഒപ്പുവയ്ക്കുകയോ ചെയ്യരുതെന്ന് ചില വിദ്യാഭ്യാസ അധികൃതർ വാശിപിടിക്കുന്നത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ബാച്ചായും ബബിളായും സ്കൂളിലെത്തുന്ന വിദ്യാർഥികളെ അവരുടെ ക്ലാസിൽ അധ്യാപകരില്ലാതെ എന്തു ചെയ്യുമെന്നാണ് പ്രധാനാധ്യാപകർ ചോദിക്കുന്നത്. കൊവിഡ് കാലമായതിനാൽ കുട്ടികൾ പരസ്പരം ഇടകലരാതിരിക്കാനും നിയന്ത്രണങ്ങൾ പാലിക്കാനും അധ്യാപകർ അവരോടൊപ്പം ഉണ്ടായിരിക്കണം. ഈ അവസരത്തിൽ രണ്ടാമത്തെ ഡോസെടുക്കാത്തതിനാൽ അവരെ സ്കൂളിൽനിന്ന് മാറ്റിനിർത്തുന്നത് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് സ്കൂൾ അധികൃതരും പറയുന്നു.
രണ്ടാമത്തെ ഡോസെടുക്കാൻ 84 ദിവസം തന്നെ പൂർത്തിയാകണമെന്ന നിർബന്ധത്തിലാണ് സർക്കാർ ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ ഒന്നാമത്തെ ഡോസെടുത്ത് 28 ദിവസം പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാം ഡോസും കൊടുത്തിരുന്നു. ഈയൊരു ഇളവ് കുട്ടികളുമായി നിരന്തര ബന്ധം പുലർത്തുന്ന അധ്യാപകർക്ക് എന്തു കൊണ്ട് നൽകുന്നില്ലെന്നും അവർ ചോദിക്കുന്നു.
രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കാത്തവർ സ്കൂളിൽ വരാതിരിക്കുമ്പോൾ ഹാജർ പട്ടികയിൽ അവർക്ക് അവധി ചേർക്കാമോ എന്ന കാര്യത്തിലും പ്രധാനാധ്യാപകർ ആശങ്കയിലാണ്. സ്കൂളുകൾ തുറന്നിട്ട് നാല് ദിവസം പിന്നിടുമ്പോഴും ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. രണ്ടാം ഡോസ് എടുക്കാത്ത അധ്യാപകരെ മാറ്റിനിർത്തുന്നതിനു പകരം അവർക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കാൻ വിദ്യാഭ്യാസ അധികൃതർ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടണമെന്നും അധ്യാപകർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."