രഞ്ജിട്രോഫി ഇനി 'നിസ്സാരനല്ല'; താരങ്ങള്‍ക്ക് പ്രതിഫലം കൂട്ടുന്നത് ഇങ്ങനെ
ഇന്ത്യയിലെ അഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വാര്‍ധിപ്പിക്കാനൊരുങ്ങി ബിസിസിഐ. ഇക്കാര്യം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്ക് അജിത്ത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തിയതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സീനിയര്‍ തലത്തില്‍ കളിക്കുന്ന പല താരങ്ങളും അഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താല്‍പര്യമെടുക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ബിസിസിഐ രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ 40ലധികം രഞ്ജി മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഒരു താരത്തിന് പ്രതിദിനം 60,000 രൂപയാണ് ബിസിസിഐ നല്‍കുന്നത്.
21 മുതല്‍ 40 മത്സരങ്ങള്‍ വരെ കളിച്ച താരങ്ങള്‍ക്ക് ദിവസേന 50,000 രൂപ വീതവും 20 മത്സരങ്ങള്‍ വരെ കളിച്ച താരങ്ങള്‍ക്ക് 40,000 രൂപ വീതവുമാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ഈ കണക്കുകള്‍ പ്രകാരം ടീം ഫൈനലിലെത്തിയാല്‍ ഒരു സീനിയര്‍ കളിക്കാരന് 25 ലക്ഷം രൂപവരെ നേടാന്‍ സാധിക്കും. ടീമിലെ മറ്റ് താരങ്ങള്‍ക്ക് 17 മുതല്‍ 22 ലക്ഷം രൂപവരെയും സമ്പാദിക്കാനാകും. അതേസമയം ഒരു കളിക്കാരന്‍ 10 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കുകയാണെങ്കില്‍ അയാളുടെ പ്രതിഫലം 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വര്‍ധിപ്പിക്കുന്ന കാര്യമാണ് ഇപ്പോള്‍ ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിജയ് ഹസാരെ, മുഷ്താഖ് അലി തുടങ്ങിയ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിലൂടെയും ഇനി കളിക്കാര്‍ക്ക് കൂടുതല്‍ പ്രതിഫലം നേടാനാകും. ബിസിസിഐ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത സീസണ്‍ മുതല്‍ നടപ്പിലാക്കുമെന്നാണ് സൂചന.
നേരത്തെ ഇഷന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ അഭ്യന്തര ക്രിക്കറ്റ് കളിക്കാത്തത് ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഇവരുടെ കരാറുകള്‍ ബിസിസിഐ റദ്ദാക്കിയിരുന്നു. എന്നാല്‍ പരുക്ക് കാരണമാണ് അയ്യര്‍ക്ക് അഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ കഴിയാത്തതെന്ന് മനസിലാക്കിയ ബിസിസിഐ താരത്തിന്റെ കരാര്‍ പുനസ്ഥാപിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."