ട്രെയിൻ യാത്ര ഇൻഷുർ ചെയ്യാം വെറും 45 പൈസക്ക്; യാത്രക്കിടെ അപകടം സംഭവിച്ചാൽ 10 ലക്ഷം രൂപ വരെ ക്ലെയിം, ടിക്കറ്റെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ട്രെയിൻ യാത്രയിൽ അധികമാരും ഉപയോഗിക്കാത്ത ഫീച്ചറാണ് 45 പൈസ മുടക്കിയുള്ള യാത്ര ഇൻഷുറൻസ്. ഇന്ത്യൻ റെയിൽവേ ഇത്തരത്തിൽ ഒരു സംവിധാനം യാത്രക്കാർക്കായി നൽകുന്നത് പലപ്പോഴും നാം അറിയാറില്ല. ഓൺലൈനായി ടിക്കറ്റ് എടുക്കുമ്പോൾ ഈ ഇൻഷുറൻസ് കവറേജ് ലഭിക്കും. ഇത് ജനറൽ കമ്പാർട്ട്മെന്റ് മുതൽ ഏത് ക്ലാസിൽ ഉള്ള യാത്രക്കാർക്കും ഉപയോഗപ്പെടുത്താവുന്നതാണ്. 2024 ൽ ഒഡീഷയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ ജീവൻ നഷ്ടമായത് 296 പേർക്കായിരുന്നു. ഇതിൽ അന്ന് ഇൻഷുറൻസ് ക്ലെയിം ചെയ്തിരുന്നത് വെറും 54% പേർ മാത്രമാണ്. അതിനുശേഷമാണ് ഇതിന്റെ സാധ്യതകൾ കൂടുതൽ യാത്രക്കാർ പ്രയോജനപ്പെടുത്താൻ തുടങ്ങിയത്.
എങ്ങനെ എടുക്കാം ?
ഐആർസിടിസിയുടെ ആപ്പ് വഴിയോ അല്ലെങ്കിൽ വെബ്സൈറ്റിലൂടെയോ ടിക്കറ്റ് എടുക്കുമ്പോൾ ഇൻഷുറൻസ് കവറേജിന് സംബന്ധിക്കുന്ന ബോക്സ് സ്ക്രീനിൽ വരും. ഇതിന് വെറും 45 പൈസയാണ് അധികമായി മുടക്കേണ്ടത്. ഈ ഓപ്ഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ യാത്രക്കാരുടെ മൊബൈൽ നമ്പറിലേക്കും ഈമെയിലിലേക്കും ലിങ്ക് ലഭ്യമാവും. ഇതിൽ നോമിനിയുടെ വിവരങ്ങളടക്കം രജിസ്റ്റർ ചെയ്യാം. ഈ ലളിതമായ മാർഗത്തിലൂടെ ഇൻഷുറൻസ് പരിരക്ഷ യാത്രക്കാരന് ഉറപ്പുവരുത്താം.
ഇത്തരത്തിൽ എടുക്കുന്ന ഇൻഷുറൻസിന് ട്രെയിൻ യാത്രയിൽ അപകടങ്ങൾ സംഭവിച്ചാലോ മരണം സംഭവിച്ചാലോ നോമിനിക്ക് പത്തുലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. ശരീരത്തിലെ ഓരോ അവയവങ്ങൾക്കും പരിക്ക് സംഭവിച്ചാൽ ലഭിക്കുന്ന നഷ്ടപരിഹാരത്തുക വ്യത്യസ്തമാണ്. അപകടങ്ങൾ സംഭവിച്ചാൽ തുടർന്നുണ്ടാവുന്ന ആശുപത്രി വാസത്തിനും പണം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."