വാഹനങ്ങള്‍ നിരത്തിലൂടെ കെട്ടിവലിച്ചുകൊണ്ടുപോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
വാഹനങ്ങള്‍ തോന്നിയതുപോലെ കെട്ടിവലിച്ചുകൊണ്ടുപോകാനാവില്ല. ചിലകാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഗുരുതരമായ അപകടമുണ്ടാകും.
കഴിഞ്ഞ ദിവസം ആലുവയില്‍ കെട്ടിവലിക്കുന്ന ഒരു ഓട്ടോറിക്ഷയുടെ കയറില്‍ കുരുങ്ങി ഒരു ബൈക്കുയാത്രക്കാരന് ദാരുണാന്ത്യം സംഭവിക്കുകയുണ്ടായി.
സാധാരണയായി ഒരു അപകടം സംഭവിച്ചതോ, ഏതെങ്കിലും യാന്ത്രിക തകരാറുകളളതോ ആയ വാഹനങ്ങളാണ് റിപ്പയര്‍ ചെയ്യുന്നതിന് അടുത്ത വര്‍ക്ക്‌ഷോപ്പിലേക്ക് എത്തിക്കുന്നതിനായി കെട്ടി വലിക്കേണ്ടി വരുന്നത്. കൂടാതെ നിയമപരമായി ടാക്‌സ് ഇളവിന് അപേക്ഷിച്ച് നിര്‍ത്തിയിട്ട വാഹനം കൃത്യമായ അനുമതിയോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരുമ്പോഴും കെട്ടിവലിക്കേണ്ടി വരാറുണ്ട്. 2017 ലെ മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് റെഗുലേഷന്‍ വകുപ്പ് 30 പ്രകാരം കെട്ടി വലിക്കേണ്ടി വരുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.
1. ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനത്തില്‍ കെട്ടിവലിക്കാന്‍ പാടില്ല.
2. കെട്ടി വലിക്കുമ്പോള്‍ പരമാവധി വേഗപരിധി 25 kmph ല്‍ കൂടാന്‍ പാടില്ല.
3. കെട്ടിവലിക്കുന്ന വാഹനവും കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിലുളള ദൂരം 5 മീറ്ററില്‍ കൂടാന്‍ പാടില്ല.
4. കെട്ടി വലിക്കാന്‍ ഉപയോഗിക്കുന്ന കയറോ, ചെയിനോ മറ്റു റോഡുപയോക്താക്കള്‍ക്ക് സ്പഷ്ടമായി കാണാന്‍ സാധിക്കുന്നതായിരിക്കണം.
5. 10 സെന്റിമീറ്റര്‍ ഉയരവും, 2 സെ.മീ വീതിയും, 2 സെ.മീ അക്ഷരങ്ങള്‍ക്കിടയില്‍ വിടവുമുള്ള റിട്രോറിഫ്‌ളക്റ്റീവ് ' ON TOW ' അടയാളം കെട്ടി വലിക്കുന്ന വാഹനത്തിന്റെ മുന്നിലും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിന്റെ പിറകിലും പ്രദര്‍ശിപ്പിക്കേണ്ടതാണ്.അതു പോലെ അപകട മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതെ രാത്രിയിലോ ഇരുട്ടത്തോ, മോശം കാലാവസ്ഥയിലോ ഡ്രൈവര്‍ ഒരു വാഹനം കെട്ടി വലിക്കരുത്.
കെട്ടി വലിക്കപ്പെടുന്ന വാഹനത്തിന്റെ അപകട മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാണെങ്കില്‍ കെട്ടിവലിക്കുന്ന വാഹനത്തിന്റെ അപകട മുന്നറിയിപ്പ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതെ കെട്ടിവലിക്കരുത്. മാത്രമല്ല നിയമത്തില്‍ പ്രത്യേകിച്ച് പറഞ്ഞില്ലെങ്കിലും ഇങ്ങനെ വലിക്കപ്പെടുമ്പോള്‍ ഏതെങ്കിലും ജംഗ്ഷനില്‍ മറ്റൊരു റോഡിലേക്ക് തിരിയല്‍, യു ടേണ്‍ തിരിയല്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ച് മറ്റൊരു റോഡിനു കുറുകേ പോകേണ്ട സമയങ്ങളില്‍ അത്യന്തം ശ്രദ്ധയോടെ നിങ്ങേണ്ടതും പറ്റുമെങ്കില്‍ ഒരാളുടെ സഹായത്താല്‍ മറ്റു വശങ്ങളില്‍ നിന്നുള്ള വാഹനങ്ങനെ നിയന്ത്രിച്ചു കൊണ്ട് മാത്രം മുന്നോട്ടു പോകുന്നതും ഇന്നലെ ഉണ്ടായ തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."