പാര്‍ക്കിങ്, ദര്‍ബ് പിഴകള്‍ ഗഡുക്കളായി അടയ്ക്കാന്‍ സൗകര്യമൊരുക്കി അബൂദബി
അബൂദബി: അബൂദബിയില്‍ പാര്‍ക്കിങ്, ദര്‍ബ് ടോള്‍ പിഴകള്‍ പലിശരഹിത തവണകളായി അടയ്ക്കാന്‍ സൗകര്യം. അബൂദബിയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ (ഡി.എം.ടി) ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി) ഈസി പേയ്‌മെന്റ് സേവനം ആരംഭിച്ചു. ഇന്‍സ്റ്റാള്‍മെന്റ്‌സ് സേവനത്തിന് പുറമേ പാര്‍ക്കിങ് പിഴ കൃത്യസമയത്ത് അടയ്ക്കുന്ന വാഹനമോടിക്കുന്നവര്‍ക്ക് 25 ശതമാനം കിഴിവും ലഭിക്കും.
ഐ.ടി.സി പിഴയായി 3,000 ദിര്‍ഹത്തിന്റെ കുറഞ്ഞ തുകയില്‍ നിരവധി തവണകളായി അടയ്ക്കാന്‍ സൗകര്യമുണ്ട്. പലിശ നിരക്ക് ബാധകമല്ല. ഐ.ടി.സി നല്‍കുന്ന ട്രാഫിക് പിഴകള്‍ മാത്രമാണ് പുതിയ സേവനത്തില്‍ ഉള്‍പ്പെടുത്തുന്നത്. പാര്‍ക്കിങ്, ദര്‍ബ് ടോള്‍ പിഴകള്‍, പൊതുഗതാഗതവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
ഫസ്റ്റ് അബൂദബി ബാങ്ക്, അബൂദബി കൊമേഴ്സ്യല്‍ ബാങ്ക്, എമിറേറ്റ്സ് ഇസ് ലാമിക് ബാങ്ക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഈ സേവനത്തില്‍ നിന്ന് പ്രയോജനം നേടാം. പിഴ അടച്ച ശേഷം മൂന്നു മാസം, ആറു മാസം, ഒന്‍പത് മാസം, 12 മാസം എന്നിങ്ങനെ തവണകളായി മാറ്റാം. ഉപഭോക്താക്കള്‍ക്ക് തം സേവന കേന്ദ്രങ്ങളില്‍ നിന്നോ അബൂദബി സിറ്റി നഗരസഭയുടെ ആസ്ഥാനത്തും അല്‍ ഐന്‍ സിറ്റി നഗരസഭയുടെ ആസ്ഥാനത്തുമുള്ള കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ വഴിയോ പുതിയ തവണ സേവനം ലഭിക്കും. അബൂദബിയില്‍ നിങ്ങളുടെ പാര്‍ക്കിങ് പിഴകളില്‍ കിഴിവ് ലഭിക്കണമെങ്കില്‍ പാര്‍ക്കിങ് ടിക്കറ്റ് ഇഷ്യൂ ചെയ്ത് 60 ദിവസത്തിനുള്ളില്‍ തുക തീര്‍പ്പാക്കണമെന്ന് ഉറപ്പാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."