വിഴിഞ്ഞം: ആദ്യ മദര്‍ഷിപ്പിന് ഇന്ന് ഔദ്യോഗിക സ്വീകരണം; തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനവും ഇന്ന്, പ്രതിഷേധവുമായി പ്രതിപക്ഷം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ ഉദ്ഘാടനം ഇന്ന്. ഇന്ന് രാവിലെ 10 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ മദര്‍ ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും മന്ത്രിമാരും ഉന്നത കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന സ്വപ്‌ന പദ്ധതി പൂവണിഞ്ഞതോടെ വികസന ചരിത്രത്തില്‍ത്തന്നെ പുതിയ അധ്യായമാണ് എഴുതിച്ചേര്‍ക്കുന്നത്. ഇന്നലെ രാവിലെയാണ് ആദ്യ മദര്‍ഷിപ്പായ സാന്‍ഫെര്‍ണാണ്ടോ തീരം തൊടുന്നത്. പത്തുവര്‍ഷമായി സംസ്ഥാനത്തിനൊപ്പം രാജ്യം കണ്ട സ്വപ്‌നമാണ് പൂര്‍ത്തിയായത്. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായാണ് വിഴിഞ്ഞത്തിന്റെ വിശേഷണം. പി.പി.പി മാതൃകയില്‍ 7,700 കോടി മുതല്‍ മുടക്കില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണിത്.
പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഭാവി വികസനം രാജ്യത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടായി വിഴിഞ്ഞത്തെ മാറ്റുമെന്ന പ്രത്യേകതയുമുണ്ട്. ഓണസമ്മാനമായി തുറമുഖം കമ്മിഷന്‍ ചെയ്യുമെന്നാണിപ്പോള്‍ അറിയിച്ചിരിക്കുന്നത്. തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ വന്‍ മദര്‍ഷിപ്പുകളും എത്തിത്തുടങ്ങും. ചെറുതും വലുതുമായ കപ്പലുകള്‍ കണ്ടെയ്‌നറുകള്‍ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാനുമാരംഭിക്കും. ഇതോടെ ഏതാണ്ട് 10,000 കോടി രൂപയുടെ വരുമാനമാണ് രാജ്യത്ത് കൊണ്ടുവരികയെന്നാണ് കണക്ക്.
ഇന്ത്യയിലേക്കുള്ള രാജ്യാന്തര ചരക്ക് ഗതാഗതത്തിന്റെ ഹബ്ബായി വിഴിഞ്ഞം മാറുന്നതോടെ കേരളം കടക്കെണിയില്‍ നിന്നു പതിയെ മുക്തമാകുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു. ഇന്ത്യയിലേക്കുള്ള കടല്‍ ചരക്കുനീക്കത്തിന്റെ സിംഹഭാഗവും സിംഗപ്പൂരും കൊളംബോ തുറമുഖവും വഴിയാണ്. മദര്‍ഷിപ്പുകള്‍ അടുക്കാന്‍ ശേഷിയുള്ള ഈ തുറമുഖങ്ങളില്‍ നിന്നാണ് രാജ്യത്തേക്ക് ട്രാന്‍സ്ഷിപ്പ്‌മെന്റ് മുഖേന ചരക്കെത്തിയിരുന്നത്.
ഇത് സമയനഷ്ടവും സാമ്പത്തികച്ചെലവും വരുത്തുന്നതായിരുന്നു. മറ്റുമാര്‍ഗങ്ങളില്ലാതെ ഈ രാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃരാജ്യമായ ഇന്ത്യ സിംഗപ്പൂരിനും കൊളംബോയ്ക്കും പൊന്‍മുട്ടയിടുന്ന താറാവായി. എന്നാല്‍ വിഴിഞ്ഞം ഈ രാജ്യങ്ങളുടെ പ്രതീക്ഷയിലേക്കുകൂടിയാണ് ആഴ്ന്നിറങ്ങുന്നത്. ട്രാന്‍സ്ഷിപ്പ്‌മെന്റില്ലാതെ രാജ്യാന്തര ചരക്കുകള്‍ രാജ്യത്ത് നേരിട്ടെത്തും വിഴിഞ്ഞം വഴി. ധനനഷ്ടവും സമയനഷ്ടവും പരിഹരിക്കപ്പെടുന്നതോടെ പല ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കുറവും പ്രതീക്ഷിക്കാനാവും. അന്താരാഷ്ട്ര കപ്പല്‍ ചാലിന് ഏറ്റവും അടുത്തുള്ള സ്വാഭാവിക തുറമുഖമായ വിഴിഞ്ഞത്തിന് വന്‍ കപ്പലുകളെ സ്വീകരിക്കാനുള്ള ആഴമുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഇന്ന് ആരംഭിക്കാനിരിക്കേ ഇത് ആരുടെ കുഞ്ഞെന്ന തര്‍ക്കവും അതേച്ചൊല്ലിയുള്ള വാഗ്വാദത്തിനും ചൂടുപിടിച്ചിരിക്കുകയാണ്. ഇന്നലെ മദര്‍ഷിപ്പിന് തുറമുഖത്ത് സ്വീകരണം നല്‍കിയിരുന്നു. ഇതിനുപിന്നാലെ ഔദ്യോഗിക സ്വീകരണപരിപാടി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കേയാണ് പദ്ധതി ആരുടെ കാലത്താണുണ്ടായതെന്ന കാര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും പോരുമുറുകിയത്.
വിഴിഞ്ഞം തുറമുഖപദ്ധതി സര്‍ക്കാരും ജനങ്ങളും ഒരുമിച്ചുനിന്ന് യാഥാര്‍ഥ്യമാക്കിയ സ്വപ്നമാണെന്നും പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. 2015 ലാണ് കരാര്‍ ഒപ്പുവച്ചതെങ്കിലും 2016 മുതല്‍ പ്രത്യേക ശ്രദ്ധയും കരുതലും സര്‍ക്കാര്‍ കൈക്കൊണ്ടെന്നും കുറിപ്പിലുണ്ട്.
ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണകാലത്തേക്ക് പദ്ധതിയെ കൊണ്ടെത്തിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കടല്‍ക്കൊള്ള എന്നാണ് പാര്‍ട്ടി മുഖപത്രം അന്നെഴുതിയത്. വിഴിഞ്ഞം യു.ഡി.എഫിന്റെ കുഞ്ഞാണെന്നും ഓര്‍മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഇവിടെയുണ്ട്. അവര്‍ക്കായി ഇതിവിടെ കിടക്കെട്ടെയെന്നും സതീശന്‍ കുറിച്ചു.
വിഴിഞ്ഞത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ട കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍, ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് വിഴിഞ്ഞം യാഥാര്‍ഥ്യമായതെന്നും അക്കാര്യം പിണറായി സര്‍ക്കാര്‍ മനപ്പൂര്‍വം തമസ്‌കരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനായി പ്രവര്‍ത്തിച്ച യു.ഡി.എഫ് നേതാക്കളെ സര്‍ക്കാര്‍ പാടേ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെങ്കിലും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളില്‍ പുരോഗതി ഇല്ലാത്തതിനാല്‍ ട്രയല്‍ റണ്ണില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായുള്ള ആവശ്യങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധമുണ്ടെന്ന് അറിയിച്ച എം.വിന്‍സെന്റ് എം.എല്‍.എ സംസ്ഥാനത്തിന്റെയും വിഴിഞ്ഞം ജനതയുടെയും സ്വപ്‌നസാക്ഷാല്‍ക്കാരമെന്ന നിലയില്‍ ട്രയല്‍ റണ്ണിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും അറിയിച്ചു.
പദ്ധതിയുടെ വിജയം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച് യു.ഡി.എഫ് ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തുന്നുണ്ട്. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്ഷണിക്കാത്തടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."