ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ്; ചരിത്രം കുറിച്ച് കെഎസ്ആർടിസി
തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് സ്വന്തമാക്കി കെഎസ്ആർടിസി. തിങ്കളാഴ്ചത്തെ കളക്ഷൻ 10 കോടി ക്ലബ്ബിലാണ് ഇടം നേടിയത്. ടിക്കറ്റ് വരുമാനമായി 10.77 കോടി രൂപയും ടിക്കറ്റ് വരുമാനമായി 0.76 കോടിയും അടക്കം ആകെ 11.53 കോടി രൂപയാണ് കെഎസ്ആർടിസി തിങ്കളാഴ്ച സ്വന്തമാക്കിയത്.
ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമത്തിലൂടെയാണ് തുടർച്ചയായി ഇത്തരത്തിൽ മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകമായതെന്ന് മാനേജ്മെന്റ് ഡയറക്ടർ ഡോ. പി എസ് പ്രമോജ് ശങ്കർ വ്യക്തമാക്കി.
കഴിഞ്ഞവർഷം ഡിസംബർ 16ന് 8.57 കോടിയായിരുന്നു കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം. കഴിഞ്ഞവർഷം നിലനിന്നിരുന്ന അതേ സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മികച്ചതാക്കിയാണ് കെഎസ്ആർടിസി ഈ വലിയ ലക്ഷ്യത്തിലേക്ക് നടന്നത്. പുതിയ ബസുകളുടെ വരവും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും ആണ് യാത്രക്കാരിൽ വൻ സ്വീകാര്യത ലഭിച്ചതെന്ന് മാനേജ്മെന്റ് ഡയറക്ടർ പറഞ്ഞു.
ചിട്ടയായ പ്രവർത്തനത്തിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിൽ ആണെന്നും മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർഗറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസ്സുകൾ നിരത്തിലിറക്കാൻ സാധിച്ചതും സേവനങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായെന്നും പ്രമോജ് ശങ്കർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."