ജോ ബൈഡന് കൊവിഡ്, പരിപാടികള്‍ റദ്ദാക്കി; ഐസൊലേഷനില്‍ ജോലി തുടരും
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലാസ് വേഗസില്‍ എത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുണിഡോസ് യുഎസ് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു അദ്ദേഹം. വിശ്രമത്തിനായി വൈറ്റ് ഹൗസിലേക്ക് തിരികെയെത്തുന്ന പ്രസിഡന്റ് ഐസൊലേഷനില്‍ ജോലി തുടരും. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിലായിരിക്കും ബൈഡന്‍ ഐസൊലേഷനില്‍ പ്രവേശിക്കുകയെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത ജോ ബൈഡന്‍ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു. രോഗസൗഖ്യത്തിന് ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച ബൈഡന്‍ താന്‍ ആരോഗ്യവാനാണെന്നും പങ്കുവെച്ചു. ഐസലേഷനില്‍ കഴിഞ്ഞുകൊണ്ട് അമേരിക്കന്‍ ജനതയ്ക്കു വേണ്ടി ഔദ്യോഗിക ചുമതലകളില്‍ വ്യാപൃതനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജലദോഷവും ചുമയും ഉള്‍പ്പെടെ ലക്ഷണങ്ങള്‍ പ്രസിഡന്റിന് പ്രകടമാണെന്ന് അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിന്‍ ഒ കോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയര്‍ വ്യക്തമാക്കി. പാക്‌സ്‌ലോവിഡിന്റെ ആദ്യ ഡോസ് നല്‍കിയെന്നും അറിയിപ്പില്‍ പറയുന്നു. നേരത്തെ പ്രഖ്യാപിച്ച എല്ലാ പ്രചാരണ പരിപാടികളും റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇത് മൂന്നാംതവണയാണ് ബൈഡന് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്.
പ്രായാധിക്യവും നാവുപിഴയും അലട്ടുന്ന ബൈഡന്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ കമല ഹാരിസ് പ്രസിഡന്റായേക്കുമെന്ന സൂചന കഴിഞ്ഞദിവസം ബൈഡന്‍ പങ്കുവെച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മത്സരത്തില്‍ നിന്ന് ബൈഡന്‍ പിന്മാറണമെന്ന് ഡെമോക്രാറ്റുകളില്‍ നിന്ന് ആവശ്യം ഉയരുന്നതിനിടെയായിരുന്നു കമല ഹാരിസിനെ പിന്തുണച്ചുകൊണ്ടുള്ള ബൈഡന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."