പ്രമേഹ രോഗികളോടാണ്... അത്താഴം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും
പ്രഭാതഭക്ഷണമാണ് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന നമ്മള്‍ ഏപ്പോഴും കേള്‍ക്കാറുണ്ട്. എന്നു കരുതി നിങ്ങളുടെ അത്താഴത്തില്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന് ഇതിനര്‍ഥമില്ല. പ്രത്യേകിച്ച് നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍, അത്താഴത്തിന് ശരിയായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്.
ചില ഭക്ഷണപാനീയങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും, അവയെല്ലാം നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതായുണ്ട്. അതേസമയം, നമ്മുടെ അവസ്ഥയ്ക്ക് അനുയോജ്യമായത് എന്താണെന്നും അല്ലാത്തത് എന്താണെന്നും മിക്കവര്‍ക്കും പേര്‍ക്കും അറിയില്ല. ഇക്കാരണത്താല്‍, നമ്മള്‍ പലപ്പോഴും കഴിക്കാന്‍ പാടില്ലാത്തവയെ തെരഞ്ഞെടുക്കാറുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍, അത്താഴത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ..
1. നിശ്ചിത സമയം
ഒരു ദിവസം വൈകിട്ട് 7 മണിക്കും അടുത്ത ദിവസം 9 മണിക്കും പിന്നൊരു ദിവസം 8 മണിക്കും അത്താഴം കഴിക്കുന്നതാണ് ശീലമെങ്കില്‍ ഇത് മാറ്റേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ ഒരു നിശ്ചിത സമയത്ത് അത്താഴം കഴിക്കാന്‍ തുടങ്ങുമ്പോള്‍, നിങ്ങളുടെ ശരീരം അതിനോട് പൊരുത്തപ്പെടുന്നു, മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകില്ല.
2. കാര്‍ബോഹൈഡ്രേറ്റുകള്‍
കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് പൊതുവേ ഒരു ചീത്തപ്പേരുണ്ട്, പക്ഷേ അവ ശരിക്കും അങ്ങനെയല്ല. നിങ്ങള്‍ ഉപയോഗിക്കുന്നതിനനുസരിച്ചും നിങ്ങള്‍ കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ തരത്തെക്കുറിച്ചും എപ്പോഴും ശ്രദ്ധാലുവായിരിക്കുക എന്നതാണ് ഇതിനെ മറികടക്കാനുള്ള പോംവഴി. രക്തത്തിലെ പഞ്ചസാരയെ ബാധിക്കുന്നില്ലെന്ന് ഉറപ്പുള്ള കാര്‍ബോഹൈഡ്രേറ്റുകളടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കണം. ചില മികച്ച ഓപ്ഷനുകളാണ് ഓട്സ്, ബ്രൗണ്‍ റൈസ്, ക്വിനോവ, മില്ലറ്റ്, ഗോതമ്പ് മാവ് (ആട്ട) എന്നിവ.
3. ഭക്ഷണത്തിലെ ഫൈബര്‍/പ്രോട്ടീന്‍
നമ്മുടെ അത്താഴം ആസൂത്രണം ചെയ്യുമ്പോള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ക്കൊപ്പം ആവശ്യമായ അളവില്‍ ഫൈബറും പ്രോട്ടീനും ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. സമീകൃതാഹാരം ഉറപ്പാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കുന്നു, മാത്രമല്ല നിങ്ങളെ കൂടുതല്‍ നേരം ഊര്‍ജ്ജസ്വലനായി നിലനിര്‍ത്തുകയും ചെയ്യുന്നു.
4. സൈഡ് ഡിഷുകള്‍
നിങ്ങളുടെ അത്താഴത്തിനൊപ്പം കഴിക്കുന്ന സൈഡ് ഡിഷുകളെക്കുറിച്ചും ബോധവാന്മാരാവുക. ചിലതില്‍ ഉയര്‍ന്ന പഞ്ചസാരയുടെ അംശമുണ്ടാവും. നിങ്ങള്‍ അറിയാതെ അത് നിങ്ങളുടെ അവസ്ഥയ്ക്ക് ദോഷം വരുത്തിയേക്കാം. തക്കാളി കെച്ചപ്പ്, മധുരമുള്ള ചട്‌നികള്‍, ഡിപ്‌സ് എന്നിവ നിങ്ങള്‍ ഒഴിവാക്കേണ്ട ഒന്നാണ്. നിങ്ങളുടെ ഭക്ഷണത്തിന്റെ രുചി കൂട്ടാന്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിയ ചട്ണികള്‍ കഴിക്കാന്‍ ശ്രമിക്കുക. തൈര് നല്ലൊരു ഒപ്ഷനാണ്.
5. ഭക്ഷണത്തിന്റെ അളവ്
അത്താഴം വളരെ മിതമായി കഴിക്കേണ്ട ഒന്നാണ്. മാത്രമല്ല, ഭക്ഷണം ശ്രദ്ധയോടെ തെരഞ്ഞെടുത്താലും അത് അമിതമായി കഴിക്കുന്നത് വിപരീത ഫലം ചെയ്യും. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. വയറു നിറഞ്ഞതായി തോന്നിയാല്‍ അപ്പോള്‍ തന്നെ ആഹാരം മതിയാക്കുക. കഴിക്കുന്നതിന് കൃത്യമായ അളവ് സൂക്ഷിക്കുക.
അടുത്ത തവണ അത്താഴം കഴിക്കുമ്പോള്‍ ഈ സൂചനകള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ഓര്‍ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."