വയനാടിനെ ചേര്‍ത്തുപിടിച്ച്;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 53 കോടിയിലധികം രൂപ
തിരുവനന്തപുരം: വയനാടിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ജൂലൈ 30 മുതല്‍ ആഗസ്റ്റ് അഞ്ചിന് വൈകുന്നേരം 5 മണി വരെ ലഭിച്ചത് അന്‍പത്തിമൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അന്‍പത്തിരണ്ടായിരത്തി തൊള്ളായിരത്തി നാല്‍പത്തി രണ്ട് രൂപ (53,98,52,942).
പോര്‍ട്ടല്‍ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന തുകയുടെ വിവരങ്ങളാണ് സിഎംഡിആര്‍എഫ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത്. അതില്‍ 2018 ആഗസ്ത് മുതല്‍ ലഭിച്ച തുകയും ജൂലൈ 30 ലഭിച്ച തുകയും ഓരോ ദിവസം ലഭിക്കുന്ന തുകയും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് / ഡ്രാഫ്റ്റ് / നേരിട്ട് ലഭിക്കുന്ന തുകയുടെ വിവരങ്ങളും വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യും.
സമാനതകളില്ലാത്ത ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സംഭാവന നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ അഭ്യര്‍ത്ഥന പൊതുവേ സ്വീകരിക്കപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരും പൊതു മേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂള്‍ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതില്‍ പങ്കാളികളാവുകയാണ്.
സംഘടനാ ഫെഡറേഷനുകളുടെ നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. അതനുസരിച്ച് കുറഞ്ഞത് അഞ്ച് ദിവസത്തെ വേതനമെങ്കിലും സംഭാവനയായി നല്‍കും എന്നാണ് പൊതുവില്‍ ധാരണ. അതില്‍ കൂടുതല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ നല്‍കാം. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തില്‍ നല്‍കാന്‍ കഴിയുന്നവര്‍ക്ക് അങ്ങനെയാകാം. തവണകളായി സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തമാസം ഒരു ദിവസത്തെയും തുടര്‍ന്നുള്ള രണ്ടു മാസങ്ങളില്‍ രണ്ടു ദിവസത്തെ വീതവും ശമ്പളം നല്‍കി പങ്കാളികളാകാമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."