കെട്ടിടങ്ങളിലെ പാര്‍ക്കിങ് വ്യവസ്ഥയില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട പാര്‍ക്കിങ് വ്യവസ്ഥയില്‍ ഇളവുവരുത്തി സംസ്ഥാന സര്‍ക്കാര്‍. കെട്ടിട നിര്‍മാണം നടക്കുന്ന പ്ലോട്ടില്‍ തന്നെ പാര്‍ക്കിങ് സൗകര്യമൊരുക്കണമെന്ന നിലവിലെ വ്യവസ്ഥയിലാണ് ഇളവ് വരുത്തുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
നിലവിലെ വ്യവസ്ഥ കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുവെന്ന പരാതി വര്‍ഷങ്ങളായുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനെ തുടര്‍ന്നാണ് അതേ ഉടമസ്ഥന്റെ പേരിലുള്ള സമീപ പ്ലോട്ടില്‍ കൂടി പാര്‍ക്കിങ് സംവിധാനം അനുവദിക്കാന്‍ തീരുമാനിച്ചത്. 25% പാര്‍ക്കിങ് എങ്കിലും നിര്‍മ്മാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75% വരെ സമീപ പ്ലോട്ടിലും പാര്‍ക്കിങ് ആകാം.ഭൂമി അതേ ഉടമസ്ഥന്റെ പേരിലായിരിക്കണം. നിര്‍മ്മാണം നടക്കുന്ന പ്ലോട്ടിന്റെ 200 മീറ്റര്‍ ദൂരത്തിനുള്ളിലാകണം ഈ ഭൂമി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോകാനും വരാനും സൗകര്യമുണ്ടായിരിക്കണം.
കാര്‍ പാര്‍ക്കിങ്ങിനായി ഉപയോഗിക്കുന്ന തൊട്ടടുത്ത ഭൂമി മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കില്ലെന്നും മറ്റാര്‍ക്കും കൈമാറില്ലെന്നും ഉടമയും തദ്ദേശ സ്ഥാപന സെക്രട്ടറിയും തമ്മില്‍ കരാറില്‍ ഏര്‍പ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഈ ഇളവ് നടപ്പിലാക്കുന്നത്. നിര്‍മ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ഈ തീരുമാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ തരം അജൈവ മാലിന്യങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും. നിശ്ചിത യൂസര്‍ഫീക്കകത്ത് പ്ലാസ്റ്റിക് മാത്രമല്ല, കലണ്ടര്‍ പ്രകാരമുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കലണ്ടര്‍ പ്രകാരമല്ലാതെ, ഉപഭോക്താവിന്റെ പ്രത്യേക ആവശ്യപ്രകാരം അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കില്‍ അധിക ഫീസ് ഈടാക്കാം.വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം യൂസര്‍ഫീസ് നിശ്ചയിച്ച് നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിനായി ക്വാളിറ്റി മോണിറ്ററിംഗ് ലാബുകള് സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."