കുവൈത്ത് കുതിക്കും; 5ജി അഡ്വാൻസ് നെറ്റ് വർക്കിൽ
കുവൈത്ത് സിറ്റി: രാജ്യത്തെ ഇന്റര്‍നെറ്റ് വേഗം വലിയ തോതില്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും നൂതനമായ ആശയവിനിമയ സേവനങ്ങള്‍ നല്‍കുന്ന 5ജി അഡ്വാന്‍സ്ഡ് നെറ്റ്വര്‍ക്കുമായി കുവൈത്ത് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി രംഗത്തെത്തി.കുവൈത്തിൽ ഇതിന്റെ മുന്നോടിയായി പുതിയ 5ജി ഫ്രീക്വന്‍സികള്‍ അവതരിപ്പിക്കുന്നതായി അധികൃതര്‍ പ്രഖ്യാപിച്ചു.
5ജി നെറ്റ് വര്‍ക്ക് എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് 2025 ജൂണോടെ 3ജി സേവനങ്ങള്‍ ഘട്ടം ഘട്ടമായി നിരോധിക്കും. 4ജി, 5ജി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായുള്ള സംവിധാനങ്ങള്‍ കൂടൂതൽ ശക്തിപ്പെടുത്തുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതിനായി കൂടുതല്‍ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും രാജ്യത്ത് അനുവദിക്കും.
5ജി അഡ്വാന്‍സ്ഡ് സാങ്കേതികവിദ്യ അത്യാധുനിക ടെക്‌നോളജി രംഗത്തെ മുന്‍നിരയിലേക്ക് ഉയർന്ന രാജ്യമെന്ന നിലയില്‍ കുവൈത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അതോറിറ്റി അഭിപ്രായപ്പെട്ടു. ഈ മാറ്റത്തിലൂടെ ഡിജിറ്റല്‍ സേവനങ്ങളും ഉപയോക്തൃ അനുഭവങ്ങളും മെച്ചപ്പെടുത്തുകയും മൊബൈല്‍ നെറ്റ്വര്‍ക്കുകളുടെ ശേഷി വിപുലീകരിക്കുകയും ഉയര്‍ന്ന നിലവാരമുള്ള സേവനവുമായി കൂടുതല്‍ 5ജി വരിക്കാരെ ഉള്‍ക്കൊള്ളാനും രാജ്യത്തിനാവും.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി, ക്ലൗഡ് സേവനങ്ങള്‍ തുടങ്ങിയ ആധുനിക ആപ്ലിക്കേഷനുകളെയും ഈ അപ്ഗ്രേഡ് പിന്തുണയ്ക്കുമെന്ന് അതോറിറ്റിയുടെ ആക്ടിങ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ അജ്മി പ്രസ്താവിച്ചു. ഈ സംഭവവികാസങ്ങള്‍ സ്മാര്‍ട്ട് സിറ്റികളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും. ഭാവി പ്രോജക്റ്റുകളില്‍ സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് വരെ അള്‍ട്രാ - ഹൈ - സ്പീഡ് ഡാറ്റ കൈമാറ്റം സാധ്യമാക്കുകയും ചെയ്യും. ഈ മെച്ചപ്പെടുത്തല്‍ സര്‍ക്കാര്‍, വ്യവസായം, വാണിജ്യം, വ്യക്തിഗത ഉപയോക്താക്കള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."