ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്
കാൺപൂർ:ഉത്തർപ്രദേശിലെ ആഗ്ര-ലക്നൗ എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശില കന്നൗജിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ദാരുണമായ അപകടം നടന്നത്. ഡബിൾ ഡക്കർ ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ലക്നൗവിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ്, ഹൈവേയിലെ ഡിവൈഡറിൽ ചെടികൾക്ക് വെള്ളം ഒഴിക്കുകയായിരുന്ന ടാങ്കറുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. അപകടം നടന്ന് അൽപ സമയത്തിനകം അതുവഴി വരികയായിരുന്ന ഉത്തർപ്രദേശ് ജലവിഭവ മന്ത്രി സ്വതന്ത്ര ദേവ് സിങ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ടാങ്കറിലേക്ക് ഇടിച്ചുകയറാൻ കാരണമായതെന്ന് പരിക്കേറ്റ ബസ് യാത്രക്കാരിൽ ചിലർ ആരോപിച്ചു. ഓടിയെത്തിയ നാട്ടുകാർ ബസിന്റ ഗ്ലാസുകൾ തകർത്താണ് ആളുകളെ പുറത്തെത്തിച്ചത്. പൊലിസും അഗ്നിശമന സേനയുമുൾപ്പെടെ എത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."