ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിലെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം 3 പേർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഭരണ അട്ടിമറിയിൽ നിർണായക പങ്കുവഹിച്ച താലിബാന്‍റെ പ്രമുഖ നേതാവ് ഖലീൽ ഹഖാനിയുടെ കൊലപാതകം താലിബാനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അഭയാർഥി മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്‌ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരണം നടത്തിയിട്ടുണ്ട്.
മന്ത്രാലയത്തിനുള്ളിൽ നടന്ന സ്ഫോടനത്തിലാണ് മന്ത്രി കൊല്ലപ്പെട്ടതെന്നത് ഏവരെയും ഞെട്ടിച്ച സംഭവമായി മാറുന്നത്. മൂന്ന് വർഷം മുമ്പ് താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ഏറ്റവും വലിയ ചാവേർ ആക്രമണം കൂടിയാണ് ഇത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചാവേർ ആക്രമണം നടന്നത്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേരെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."