'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി: കര്‍ഷകരുടെ 'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ വച്ച് 101 കര്‍ഷകര്‍ അടങ്ങുന്ന മാര്‍ച്ച് പൊലിസ് തടഞ്ഞു. ഇത് സമരക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി.
40 മിനിറ്റോളം നീണ്ടുനിന്ന സംഘര്‍ഷത്തിൽ 17 കര്‍ഷകര്‍ക്ക് പരുക്കേറ്റു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ എത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മാര്‍ച്ച് പൊലിസ് തടഞ്ഞതിനെ തുടര്‍ന്നാണ് 'ദില്ലി ചലോ' മാര്‍ച്ച് ഇന്ന് വീണ്ടും തുടങ്ങിയത്.
അനുമതിയില്ലാതെ മാര്‍ച്ച് തുടരാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് പൊലിസ് തടഞ്ഞത്. അതേസമയം, ഡല്‍ഹിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ മാര്‍ച്ച് തുടരുകയായിരുന്നു. വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, വായ്പ എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കുക, വൈദ്യുതി താരിഫ് വര്‍ധിപ്പിക്കരുത് എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള സംഘമാണ് യാത്ര നയിക്കുന്നത്.
The Delhi Chalo march turned violent as police used water cannons and tear gas to disperse protesting farmers, injuring 17 people.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."