ഈ മാഷ് സൂപ്പറാ... സംസ്ഥാന അവാര്‍ഡിനു പിന്നാലെ ശ്രീനിവാസനെ തേടി ദേശീയ അധ്യാപക അവാര്‍ഡും
കൂത്തുപറമ്പ്: നരവൂര്‍ സൗത്ത് എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി ശ്രീനിവാസന് ഇരട്ടിമധുരമായി ദേശീയ അധ്യാപക അവാര്‍ഡ്. പൊതുവിദ്യാലയങ്ങളുടെ പുരോഗതിക്കു സമൂഹത്തിനൊപ്പം അധ്യാപകര്‍ക്കും വലിയൊരു പങ്ക് വഹിക്കാനുണ്ടെന്നു പ്രവര്‍ത്തനത്തിലൂടെ തെളിയിച്ച ഇദ്ദേഹത്തിനു 2014ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡും ലഭിച്ചിരുന്നു. നരവൂര്‍ സൗത്ത് എല്‍.പി സ്‌കൂളിലേക്കു കടന്നുവരുന്ന ആര്‍ക്കും ഈ വിദ്യാലയത്തിന്റെ വ്യത്യസ്തത മനസിലാകും. പരിമിതികള്‍ക്കിടയില്‍ നിന്നു വിദ്യാലയത്തെ പുരോഗതിയുടെ പടവുകളിലൂടെ നയിച്ച് മാതൃകാ വിദ്യാലയമാക്കി മാറ്റിയതില്‍ ശ്രീനിവാസന്‍ വഹിച്ച പങ്ക് ഏറെ വലുതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.
സ്‌കൂളിന്റെ വികസനത്തിനായി 10 വര്‍ഷത്തേക്കുള്ള പ്രൊജക്ട് മുന്‍കൂട്ടി തയാറാക്കി. അതോടെ കുണ്ടുംകുഴിയും നിറഞ്ഞ ക്ലാസുമുറികളിലെ നിലം സിമന്റിട്ട് മോടികൂട്ടി. മികച്ച സൗകര്യത്തോടെയുള്ള അടുക്കള, ബാത്ത് റൂം, സ്‌കൂള്‍ വളപ്പില്‍ ജൈവപച്ചക്കറി കൃഷി... ഇങ്ങനെ പോകുന്നു നേട്ടങ്ങള്‍. കൂത്തുപറമ്പ് ഉപജില്ലയില്‍ ആദ്യമായി കംപ്യൂട്ടര്‍ ലാബ് സൗകര്യമൊരുക്കിയെന്ന ബഹുമതിയും സ്‌കൂളിനാണ്. വിദ്യാര്‍ഥികളുടെ നൈസര്‍ഗികമായ കഴിവ് പ്രോത്സാഹിപ്പിക്കാനും പ്രകടിപ്പിക്കാനും ഒട്ടേറെ പരിപാടികള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
1981ലാണ് ശ്രീനിവാസന്‍ അധ്യാപന രംഗത്തേക്ക് കടന്നുവരുന്നത്. മട്ടന്നൂര്‍ ഗവ. യു.പി സ്‌കൂള്‍, ചാവശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ശിവപുരം എല്‍.പി സ്‌കൂള്‍, കോഴിക്കോട്ടെ വെള്ളിയോട് ഗവ. എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് ഇദ്ദേഹം സ്വദേശമായ നരവൂര്‍ സൗത്ത് എല്‍.പി സ്‌കൂളില്‍ അധ്യാപകനായി എത്തിയത്. 2009 മുതല്‍ പ്രധാന അധ്യാപകനാണ്. എസ്.എസ്.എയുടെ ശാസ്ത്ര പുസ്തകം തയാറാക്കുന്ന വിദഗ്ധ സംഘത്തിലെ അംഗമായും ശാസ്ത്രാധ്യാപകര്‍ക്കു പരിശീലനം നല്‍കുന്ന ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗമായും പ്രവര്‍ത്തിക്കുന്നു.
ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ച വിവരം കഴിഞ്ഞദിവസമാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പില്‍ നിന്ന് ഇദ്ദേഹത്തിന് ലഭിച്ചത്. അധ്യാപകദിനമായ അഞ്ചിനു ഡല്‍ഹി വിഖ്യാന്‍ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് ഇദ്ദേഹം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും. കോളയാട് സെന്റ് സേവ്യേഴ്‌സ് യു. പി സ്‌കൂള്‍ അധ്യാപിക ശ്രീജയാണു ഭാര്യ. വിദ്യാര്‍ഥികളായ അക്ഷയ് ശ്രീനിവാസ്, അഞ്ജലി ശ്രീനിവാസ് എന്നിവര്‍ മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."