ഒറ്റ വിക്കറ്റിൽ കപിൽ ദേവിനെയും മറികടന്നു; ഓസ്‌ട്രേലിയ കീഴടക്കി ബുംറ
മെൽബൺ: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ഇന്നിംഗ്‌സിൽ നിലവിൽ ഓസ്ട്രേലിയ ബാറ്റിംഗ് തുടരുകയാണ്. രണ്ടാം ഇന്നിഗ്‌സിൽ തുടക്കത്തിൽ തന്നെ ഓപ്പണർ സാം കോൺസ്റ്റാസിനെ ഓസ്‌ട്രേലിയക്ക് നഷ്ടമായി. 18 പന്തിൽ എട്ട് റൺസ് നേടിയാണ് കോൺസ്റ്റാസ് മടങ്ങിയത്. ജസ്പ്രീത് ബുംറയുടെ പന്തിൽ ക്‌ളീൻ ബൗൾഡ് ആയാണ് താരം പുറത്തായത്. ഈ വിക്കറ്റിലൂടെ ഒരു തകർപ്പൻ നേട്ടത്തിലേക്കാണ് ബുംറ നടന്നുകയറിയത്.
ഓസ്‌ട്രേലിയയിൽ വെച്ച് നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ പേസർ ആയാണ് ബുംറ മാറിയത്. ഇതുവരെ ഈ പരമ്പരയിൽ 26 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയിട്ടുള്ളത്. 25 വിക്കറ്റുകൾ നേടിയ കപിൽ ദേവിനെ മറികടന്നാണ് ബുംറ ഈ നേട്ടത്തിലെത്തിയത്. 1991-92 വർഷത്തിൽ നടന്ന പരമ്പരയിൽ ആണ് കപിൽ ദേവ് 25 വിക്കറ്റുകൾ വീഴ്ത്തിയത്.
2018-19 വർഷങ്ങളിൽ നടന്ന പരമ്പരയിൽ 21 വിക്കറ്റുകളും നേടി ബുംറ തന്നെയാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 19 വിക്കറ്റുകൾ സ്വന്തമാക്കിയ മനോജ് പ്രഭാകർ നാലാം സ്ഥാനത്തുമുണ്ട്. 1991-92 വർഷത്തിൽ നടന്ന പരമ്പരയിലാണ് മനോജ് പ്രഭാകർ 19 വിക്കറ്റുകൾ നേടിയത്.
ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 369 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബാറ്റിംഗിൽ നിതീഷ് കുമാർ റെഡ്ഢി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. 189 പന്തിൽ 114 റൺസാണ് നിതീഷ് നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. വാഷിംഗ്ടൺ സുന്ദർ, യശ്വസി ജെയ്‌സ്വാൾ എന്നിവർ അർദ്ധ സെഞ്ച്വറിയും നേടി. 162 പന്തുകളിൽ നിന്നും 50 റൺസാണ് വാഷിംഗ്ടൺ നേടിയത്. 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."