ഒന്നാം പതിപ്പ് പൂര്‍ണ്ണമായും വിറ്റഴിഞ്ഞു വാഹനങ്ങള്‍ തടഞ്ഞു; വിവിധയിടങ്ങളില്‍ അക്രമങ്ങള്‍
കല്‍പ്പറ്റ: രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ നടത്തിയ പണിമുടക്ക് വയനാട്ടില്‍ പൂര്‍ണം. വിവിധയിടങ്ങളിലുണ്ടായ ചെറിയ അക്രമ സംഭവങ്ങള്‍ ഒഴിച്ചാല്‍ ജില്ലയില്‍ പൊതുവെ സമാധാനപരമായിരുന്നു പണിമുടക്ക്.
പണിമുടക്കിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ധര്‍ണകള്‍ നടന്നു. പലയിടത്തും ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. കടകമ്പോളങ്ങള്‍ മുഴുവന്‍ അടഞ്ഞുകിടന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
മീനങ്ങാടിയിലും കല്‍പ്പറ്റയിലും പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതില്‍ മീനങ്ങാടിയിലെ തടയല്‍ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ വാക്കേറ്റത്തിന് ഇടയാക്കി. കര്‍ണാടകയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനെ മീനങ്ങാടിയില്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പണിമുടക്കാണെന്നറിഞ്ഞിട്ടും ബസ് നിരത്തിലിറക്കിയതാണ് വാഹനം തടഞ്ഞിടാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. വാഹനം തടയുന്നത് ഒഴിവാക്കണമെന്ന് പൊലിസ് ആവശ്യപ്പെട്ടെങ്കിലും ബസ് കടത്തിവിടില്ലെന്ന നിലപാടായിരുന്നു സമരക്കാരുടേത്. തുടര്‍ന്ന് മുദ്രാവാക്യങ്ങളുമായി സമരക്കാര്‍ റോഡിലിരിപ്പുറപ്പിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡിവൈ.എസ്.പി ഹരിഹരന്‍, മീനങ്ങാടി സി. ഐ പളനി, എസ്.ഐ മാരായ അബ്ബാസലി, രാധാകൃഷ്ണന്‍, എ.എസ്.ഐ ജോര്‍ജ്, എ.ആര്‍ ക്യാംപിലെ പൊലിസ് എന്നിവര്‍ സ്ഥലത്തെത്തി. റോഡിലിരിക്കുന്ന സമരക്കാരെ അറസ്റ്റു ചെയ്തു നീക്കുന്നതിനായി ഡിവൈ.എസ്.പി തുനിഞ്ഞപ്പോള്‍ ഗോബാക്ക് വിളികളുമായി സമരക്കാരും പൊലിസിന് നേരെ തിരിഞ്ഞു. തുടര്‍ന്ന് സമരസമിതി നേതാക്കള്‍ ഡിവൈ.എസ്.പിയുമായി ചര്‍ച്ച നടത്തി. പിന്നീട് റോഡ് ഉപരോധം അവസാനിപ്പിക്കുകയും വാഹനം കടത്തിവിടുകയുമായിരുന്നു. കല്‍പ്പറ്റയില്‍ പിണങ്ങോട് ജങ്ഷനില്‍ സമരാനുകൂലികള്‍ അല്‍പസമയം വാഹനങ്ങള്‍ തടഞ്ഞു. പിന്നീട് വാഹനങ്ങള്‍ വിട്ടയക്കുകയും ചെയ്തു. ബത്തേരിയില്‍ സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."