കണ്‍സ്യൂമര്‍ഫെഡില്‍ തെറ്റായ പ്രവണതകള്‍ തുടരുന്നു: മന്ത്രി എ.സി മൊയ്തീന്‍
കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡില്‍ തെറ്റായ പ്രവണതയുടെ അവശിഷ്ടങ്ങളും ശേഷിപ്പും ഇപ്പോഴും തുടരുന്നുണ്ടെന്ന് മന്ത്രി എ.സി മൊയ്തീന്‍. കക്ഷിരാഷ്ട്രീയ പരിഗണനയുടെ ഭാഗമായി അഴിമതി നടത്തുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല.
മാര്‍ക്കറ്റില്‍ ഇടപെടാന്‍ വേണ്ടി പരിശ്രമം നടത്തുമ്പോള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ വിജയത്തെ തടയാന്‍ കഴിയുന്ന ഇടപെടലുകള്‍ ഇതിനുള്ളില്‍തന്നെ ഉണ്ടാകുന്നുണ്ടെന്നും അത് പ്രസ്ഥാനത്തിനു ഗുണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കണ്‍സ്യൂമര്‍ഫെഡ് ചന്തയും മറ്റും നടത്തുന്നത് സാധാരണക്കാര്‍ക്കു വേണ്ടിയാണ്, അല്ലാതെ ജീവനക്കാര്‍ക്കു വേണ്ടിയല്ല. ജീവനക്കാരോട് യാതൊരു വിരോധവുമില്ല. ആരേയും വേട്ടയാടാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ല. സ്ഥാപനം ജനങ്ങള്‍ക്കുകൂടി ഉപകാരപ്രദമായി നിലനിന്നാലാണ് ജീവനക്കാര്‍ക്കുകൂടി അതിന്റെ ഗുണം ലഭിക്കുകയുള്ളൂ. ഈ ധാരണ എല്ലാ ജീവനക്കാര്‍ക്കും ഉണ്ടാവണം. ക്ഷേമ പെന്‍ഷനുകള്‍ വീട്ടില്‍ എത്തിച്ചുനല്‍കുന്നയാള്‍ ഒരു പാരിതോഷികവും ഗുണഭോക്താവില്‍ നിന്നു വാങ്ങരുതെന്നും ഗുണഭോക്താക്കള്‍ പാരിതോഷികം നല്‍കരുതെന്നും മന്ത്രി പറഞ്ഞു.
എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. ആദ്യവില്‍പ്പന മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കാലിക്കറ്റ് ടൗണ്‍ സര്‍വിസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ എം. ഭാസ്‌കരനു നല്‍കി നിര്‍വഹിച്ചു. സഞ്ചരിക്കുന്ന ഓണച്ചന്ത കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. ഡോ. എം. രാമനുണ്ണി, എം. മെഹബൂബ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."