ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്‌ടർമാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ചികിത്സാ പ്രതിസന്ധിയെക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിൽ വൻ വിവാദമാകുന്നു. ഉപകരണക്ഷാമവും സംവിധാന പോരായ്മകളും ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിന്നതോടെ, ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
യു.ഡി.എഫിന്റെ ബദൽ ആരോഗ്യനയം
ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ബദൽ ആരോഗ്യനയം മുന്നോട്ടുവെക്കാൻ യു.ഡി.എഫ് ആരോഗ്യ കമ്മിഷൻ പ്രഖ്യാപിച്ചു. ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിൽ ആറംഗ കമ്മിഷനാണ് രൂപീകരിച്ചത്. മൂന്ന് മാസത്തിനകം പ്രാഥമിക റിപ്പോർട്ടും ആറ് മാസത്തിനകം സമഗ്ര റിപ്പോർട്ടും സമർപ്പിക്കാനാണ് ലക്ഷ്യം. പൊതുജനങ്ങളിൽ നിന്നും ആശുപത്രി ജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ‘കേരള ഹെൽത്ത് വിഷൻ 2050’ന് അടിത്തറ പാകാനാണ് കമ്മിഷന്റെ ശ്രമം.
മെഡിക്കൽ കോളജുകളിൽ പ്രതിഷേധം
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന്, കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടക്കും. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിന് മുന്നിലെ സംസ്ഥാനതല ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർവഹിക്കും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനാകും. മറ്റ് ജില്ലകളിൽ മുതിർന്ന നേതാക്കൾ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: അന്വേഷണ സമിതിക്ക് മുന്നിൽ വിശദീകരണം
ഡോ. ഹാരിസിന്റെ ആരോപണങ്ങളെ തുടർന്ന് സർക്കാർ നിയോഗിച്ച അന്വേഷണ സമിതിക്ക് മുന്നിൽ യൂറോളജി വിഭാഗത്തിലെ ഉപകരണക്ഷാമവും മറ്റ് പ്രശ്നങ്ങളും ഡോക്ടർമാർ വിശദീകരിച്ചു. ഫയൽ നീക്കത്തിൽ വ്യവസ്ഥയില്ലെന്നും ചില വകുപ്പ് മേധാവികൾ തുറന്നുപറഞ്ഞു. എന്നാൽ, ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും പ്രശ്നങ്ങൾ കാര്യമായി ഇല്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
അന്വേഷണ സമിതിയിൽ ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവർ ഉൾപ്പെടുന്നു. സമിതി ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
രോഗിയുടെ ബന്ധുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് ഉപകരണം വാങ്ങാൻ എട്ട് രോഗികളിൽ നിന്ന് 4000 രൂപ വീതം ആവശ്യപ്പെട്ടതായി രോഗിയുടെ ബന്ധു മാധ്യമങ്ങളോട് വെളിപ്പെടുത്തി. താൻ 2000 രൂപ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ മാർച്ചും സംഘർഷവും
ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് യൂത്ത് കോൺഗ്രസും ആം ആദ്മി പാർട്ടിയും പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രി കവാടത്തിൽ പൊലീസ് പ്രവർത്തകരെ തടഞ്ഞതോടെ മണിക്കൂറുകളോളം പരിസരം സംഘർഷഭരിതമായി.
കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം
ആരോഗ്യമേഖലയിലെ സംവിധാന പരാജയത്തെ ഡോക്ടർമാരുടെ പിഴവായി ചിത്രീകരിക്കുന്നതിനെതിരെ കെ.ജി.എം.സി.ടി.എ ഇന്ന് പ്രതിഷേധ ദിനമാചരിക്കും. എല്ലാ മെഡിക്കൽ കോളജുകൾക്ക് മുന്നിലും ധർണ നടക്കും. രോഗീപരിചരണത്തെയോ ഒ.പി. സേവനങ്ങളെയോ ബാധിക്കാതെ, ശമ്പള-ആനുകൂല്യ വർധന, ഡോക്ടർമാരുടെ അമിതജോലിഭാരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.
Following Dr. Harris Chirakkal's allegations of treatment deficiencies at Thiruvananthapuram Medical College, doctors have raised concerns before a government inquiry panel, highlighting equipment shortages and systemic issues. The Kerala Government Medical College Teachers Association (KGMCTA) will hold statewide protests today, while the UDF has announced a health commission to propose an alternative health policy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."