HOME
DETAILS

വിഎസ് അച്യുതാനന്ദൻ; കനൽവഴിയിലെ സമരതാരകം

  
Sudev
July 21 2025 | 14:07 PM

vs achuthanandan detailed story about the Struggles

1946 ഒക്ടോബർ 28 ന് പുന്നപ്ര വയലാർ സമരത്തിന്റെ ഭാ​ഗമായി 23 കാരനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ പൊലിസ് പിടികൂടി. സമരത്തിന്റെ മുഖ്യ സംഘാടകനും തൊഴിലാളി ക്യാമ്പുകളുടെ നടത്തിപ്പിൽ പ്രധാന ചുമതലക്കാരനും മൂന്ന് ക്യാമ്പുകളുടെ സംഘാടകനുമായിരുന്നു ആ യുവ നേതാവ്. പിടിയിലായ ശേഷം അദ്ദേഹം കൊടിയ പീഡനങ്ങളാണ് നേരിട്ടത്. പൂഞ്ഞാർ ലോക്കപ്പിൽ വച്ച് അദ്ദേഹത്തെ ക്രൂരമായി മർദിക്കുകയും, തോക്കിന്റെ ബയണറ്റ് കാൽവെള്ളയിൽ കുത്തിയിറക്കുകയും കാലുകൾ ജയിൽ അഴികൾക്കിടയിൽ കെട്ടിവച്ച് തല്ലുകയും ചെയ്തു. ക്രൂര പീഡനങ്ങൾക്കൊടുവിൽ മരിച്ചെന്ന് കരുതി അദ്ദേഹത്തെ പൊലിസുകാർ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. എന്നാൽ ആ പീഡനങ്ങളൊന്നും അദ്ദേഹത്തിന്റെ ജീവനപഹരിക്കാൻ പര്യാപ്തമായിരുന്നില്ല. അന്ന് ആ ജീവനെടുക്കാൻ പൊലിസുകാർക്ക് കഴിഞ്ഞിരുന്നെങ്കിൽ‌ ഇന്ന് കേരള ചരിത്രത്തിൽ വിഎസ് ഉണ്ടാകുമായിരുന്നില്ല. 

1923 ഒക്ടോബർ 20 ന് പുന്നപ്രയിൽ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി ജനനം. ഏഴാം ക്ലാസ് പൂർത്തിയാക്കിയ ശേഷം പഠനം ഉപേക്ഷിച്ച് ഗ്രാമത്തിലെ ഒരു തയ്യൽക്കടയിൽ ജോലിക്കാരനായി. പിന്നീട് ഒരു കയർ ഫാക്ടറിയിലെ ജോലി ഏറ്റെടുത്തു. തുടർന്ന് കാലങ്ങൾക്കിപ്പുറം 2006-11 കാലഘട്ടത്തിൽ കേരള മുഖ്യമന്ത്രി. ഒന്നാം പിണറായി സർക്കാരിൽ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വിഎസ് എന്ന രണ്ടക്ഷരം കൊണ്ട് അടയാളപ്പെടുത്തുന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ കേരള രാഷ്ട്രീയ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത വ്യക്തിത്വങ്ങളിലൊരാളാണ്. വി.എസിന്റെ സമരങ്ങൾ അദ്ദേഹത്തിന്റെ ജനകീയ നേതൃത്വത്തിന്റെയും ആദർശനിഷ്ഠയുടെയും പ്രതിഫലനമാണ്. കർഷക തൊഴിലാളി, ഭൂപരിഷ്കരണ സമരങ്ങൾ, പരിസ്ഥിതി സംരക്ഷണം, അഴിമതിക്കെതിരായ പോരാട്ടം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിലെടുത്ത നിലപാടുകളിൽ അദ്ദേഹത്തിന്റെ ജനാധിപത്യ വിശ്വാസവും ഉറച്ചനിലപാടുകളും പ്രസക്തമാണ്. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അവിസ്മരണീയമാണ്.

പുന്നപ്ര വയലാറും വിഎസും

1930കളുടെ അവസാനത്തിൽ കുട്ടനാട്ടിൽ കയർ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു വിഎസിന്റെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്. പി. കൃഷ്ണപിള്ളയുടെ നിർദേശത്തെത്തുടർന്നായിരുന്നു വിഎസിന്റെ ഈ പ്രവർത്തനം. ചൂഷണവും അനീതിയും നേരിട്ട് പൊറുതിമുട്ടി തന്നോടൊപ്പം അണിനിരന്ന തൊഴിലാളികളെ ഒന്നിപ്പിച്ച് വിഎസ് തൊഴിലാളി യൂണിയനുകൾ രൂപീകരിച്ചു. കുട്ടനാട്ടിലെ കയർ, കർഷക തൊഴിലാളികൾ അനുഭവിച്ചു പോന്ന കനത്ത ചൂഷണം മുൻനിർത്തി ന്യായമായ വേതനം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വി.എസ്. സമരങ്ങൾ സംഘടിപ്പിച്ചു. കുട്ടനാട്ടിൽ വിഎസ് തുടങ്ങി വച്ച തീ പിന്നീട് പുന്നപ്ര വയലാറിൽ ആളിക്കത്തുന്നതായിരുന്നു കണ്ടത്. കുട്ടനാട്ടിൽ വി.എസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തൊഴിലാളി യൂണിയനുകളായിരുന്നു പുന്നപ്ര വയലാറിന്റെ പ്രധാന അടിത്തറ. എന്നാൽ കേരള ചരിത്രത്തിലെ ഈ ഐതിഹസിക സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന വിഎസ് അറസ്റ്റിനും ഫ്യൂഡൽ ഭരണത്തിന്റെ കൊടിയ പീഡനങ്ങൾക്കും ഇരയായി. എന്നാൽ പുന്നപ്ര വയലാർ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നൽകിയത് വലിയൊരു അടിത്തറയാണ്. 

ആദ്യ തിരഞ്ഞെടുപ്പും ആലപ്പുഴ പ്രഖ്യാപനവും

1965 ൽ ആദ്യമായി വിഎസ് നിയമസഭയിലേക്ക് മത്സരിച്ചു. അമ്പലപ്പുഴയിലായിരുന്നു വിഎസിന്റെ കന്നിയങ്കം. എന്നാൽ ജനങ്ങൾ വിഎസിനെ കൈവിട്ടു, 2327 വോട്ടുകൾക്കായിരുന്നു വിഎസ് കോൺ​ഗ്രസിന്റെ കെഎസ് കൃഷ്ണക്കുറുപ്പിനോട് പരാജയപ്പെട്ടത്. വിഎസ് പരാജയപ്പെട്ടെങ്കിലും ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നു. 1967-ൽ ഇ.എം.എസ് സർക്കാർ ഭൂരിഷ്കരണ നിയമം പാസാക്കി, ശക്തമായ ജനകീയ മുന്നേറ്റമില്ലാതെ ഇത് നടപ്പിലാക്കാനാകുമായിരുന്നില്ല. ഇത്തരത്തിൽ, ഭൂപരിഷ്കരണ നിയമം നടപ്പിലാക്കാനുള്ള ഒരു പ്രധാന ചുവടുവെപ്പായിരുന്നു 1970-ലെ ആലപ്പുഴ പ്രഖ്യാപനം. ഭൂമിയില്ലാത്തവർക്ക് ഭൂമി ലഭ്യമാക്കാൻ ശക്തമായ സമ്മർദം ചെലുത്തിയ ഈ പ്രക്ഷോഭത്തിന്റെ മുൻനിരയിലും വിഎസ് ഉണ്ടായിരുന്നു. കേരളത്തിലെ കർഷകർക്ക് ഭൂമി ലഭിക്കുന്നതിന്  ഈ സമരം നിർണായകമായി.

വെട്ടിനിരത്തൽ

1997ൽ കേരളം കണ്ട മറ്റൊരു പ്രക്ഷോഭത്തിനും മുന്നണി പോരാളി വിഎസ് ആയിരുന്നു. കുട്ടനാട്ടിൽ, നെൽവയലുകൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്നതിന് എതിരെയായിരുന്നു ഇത്തവണ വിഎസിന്റെ പോരാട്ടം. വെട്ടിനിരത്തൽ സമരം എന്നറിയപ്പെട്ട ഈ സമരത്തിൽ വിഎസ് ചെയ്ത പ്രധാന പരിപാടി കർഷക തൊഴിലാളികളെ ഒരുമിച്ച് കൊണ്ടുവന്ന്, നെൽവയലുകളുടെ സംരക്ഷണം ഉറപ്പാക്കാൻ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക എന്നതായിരുന്നു. ഇതിന്റെ ഭാ​ഗമായി വിഎസിന്റെ നേതൃത്വത്തിൽ റാലികളും പ്രതിഷേധ മാർച്ചുകളും നടത്തി. ഈ സമരം പ്രധാനമായും തൊഴിലാളികളുടെ ഉപജീവന മാ​ർ​ഗവുമായി ബന്ധപ്പെട്ടിരുന്നതിനാൽ തന്നെ പെട്ടെന്ന് ജനകീയ ശ്രദ്ധ ആകർഷിക്കുകയും ഒരു ജനകീയ പ്രസ്ഥാനമായി മാറുകയും ചെയ്തു. നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണത്തിനായുള്ള നിയമനിർമാണത്തിനും വെട്ടിനിരത്തൽ സമരം ഒരു പ്രധാന കാരണമായി. അങ്ങനെ കാലം കരുതിവെച്ച കാവ്യനീതി എന്നതുപോലെ വെട്ടിനിരത്തൽ സമരനായകൻ കേരള മുഖ്യമന്ത്രിയായിരിക്കെ 2008 ഓ​ഗസ്റ്റ് 12ന് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നു. 

മൂന്നാർ ഭൂമി കയ്യേറ്റത്തിനെതിരെ

കേരള മുഖ്യമന്ത്രിയായിരുന്ന കാലത്ത് (2006-2011) മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങൾക്കെതിരെ വി.എസ് നടത്തിയ ഇടപെടലുകൾ കേരള രാഷ്ട്രീയത്തിലെ വിസ്മരിക്കാനാവാത്ത ഒരു ഏടാണ്. മൂന്നാറിലെ തേയിലത്തോട്ടങ്ങളിലും മറ്റ് പ്രദേശങ്ങളിലും നടന്നിരുന്ന അനധികൃത ഭൂമി കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് വി.എസ് മുന്നിട്ടു നിന്നു. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത വിഎസ് റവന്യൂ, വനം, പൊലിസ് വകുപ്പുകൾ ഉപയോ​ഗിച്ച് നിരവധി ഏക്കർ കയ്യേറ്റ ഭൂമി തിരിച്ചു പിടിച്ചു. എന്നാൽ, വിഎസിന്റെ നിലപാടുകൾക്ക് സ്വന്തം പാർട്ടിയിൽ‌ നിന്നു പോലും എതിർപ്പുകളുയർന്നു. രാഷ്ട്രീയ എതിർപ്പുകളാലും, നിയമപരമായ തടസ്സങ്ങളാലും, കോർപ്പറേറ്റ്-ഭൂമാഫിയ സമ്മർദ്ദം, ഭരണപരമായ കാലതാമസം തുടങ്ങിയ ഘടങ്ങളെല്ലാം മൂന്നാർ വിഷയത്തെ പ്രതികൂലമായി ബാധിച്ചു. വി.എസിന്റെ നേതൃത്വത്തിലാരംഭിച്ച് അന്ന് പകുതി വഴിയിൽ നിന്നുപോയ ഈ സംരംഭം ഇന്നും പൂർണമായി പരിഹരിക്കപ്പെടാതെ തുടരുകയാണ്. 

എൻഡോസൾഫാൻ ദുരന്ത ബാധിതർക്കൊപ്പം 

2015 ൽ തന്റെ തൊണ്ണൂറുകളിലും വിഎസ് എന്ന വിപ്ലവ സൂര്യന്റെ പോരാട്ട വീര്യം കേരളം കണ്ടതാണ്. അന്ന് ‌‌കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്കൊപ്പമായിരുന്നു വിഎസ് പോരാട്ടത്തിനിറങ്ങിയത്. എൻഡോസൾഫാൻ മൂലം ഉണ്ടായ പാരിസ്ഥിതിക-ആരോഗ്യ ദുരന്തം വേട്ടയാടിയ കുടുംബങ്ങൾക്ക് നീതി നേടിക്കൊടുക്കാൻ വിഎസിന്റെ നേത്യത്വത്തിൽ തുടങ്ങിയ സമരം വൻ ജനകീയ പ്രക്ഷോഭമായി മാറി. 

ജനങ്ങളോട് ഇടപെട്ട്, അവരുടെ വേദനകൾ മനസ്സിലാക്കി, അവർക്കായി പോരാടുക എന്ന വി.എസിന്റെ സ്ഥിരം സമീപനമായിരുന്നു എൻഡോസൾഫാൻ ദുരിത ബാധിതർക്കായി കണ്ടത്. എൻഡോസൾഫാൻ ഇരകൾക്ക് അർഹമായ നഷ്ട പരിഹാരവും പുനരധിവാസ പാക്കേജുകളും നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാരിനെതിരെ വി.എസ്. തന്റെ പ്രസംഗങ്ങളിലൂടെയും പൊതുസമ്മേളനങ്ങളിലൂടെയും ആഞ്ഞടിച്ചു. വിഎസിന്റെ ജനകീയ പ്രതിച്ഛായയും സമരത്തിലെ സജീവ പങ്കാളിത്തവും വിഷയം ദേശീയ-സംസ്ഥാന മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴിയൊരുക്കി. എന്നിരുന്നാലും, എൻഡോസൾഫാൻ ഇരകളുടെ പൂർണ പുനരധിവാസവും നഷ്ടപരിഹാര വിതരണവും ഇനിയും പൂർത്തിയാകേണ്ടതുണ്ട്.

വി.എസ്. അച്യുതാനന്ദന്റെ ജീവിതവും സമരങ്ങളും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ അവിസ്മരണീയമായ ഒരു അധ്യായമാണ്. 1946-ലെ പുന്നപ്ര-വയലാർ സമരത്തിലെ നേതൃത്വവും 23-ാം വയസ്സിൽ നേരിട്ട ക്രൂര പീഡനങ്ങളും അദ്ദേഹത്തിന്റെ ആദർശനിഷ്ഠയും ജനകീയ പ്രതിബദ്ധതയും വെളിവാക്കുന്നു. കുട്ടനാട്ടിൽ തൊഴിലാളി യൂണിയനുകൾ രൂപീകരിച്ചതു മുതൽ 1970-ലെ ആലപ്പുഴ പ്രഖ്യാപനം, 1997-ലെ വെട്ടിനിരത്തൽ സമരം, മൂന്നാറിലെ ഭൂമി കയ്യേറ്റ വിരുദ്ധ നടപടികൾ, എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള പോരാട്ടം തുടങ്ങിയവയിലൂടെ വിഎസ് കർഷക-തൊഴിലാളി അവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, അഴിമതി വിരുദ്ധത, സാമൂഹിക നീതി എന്നിവയ്ക്കായി ഉറച്ച നിലപാടുകൾ സ്വീകരിച്ചു. കേരള രാഷ്ട്രീയത്തിൽ വിഎസ് എന്ന രണ്ടക്ഷരം വിസ്മരിക്കപ്പെടാത്ത ഒരു ചിത്രമായി തന്നെ നിലനിൽക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം; ഉച്ചയോടെ വിലാപയാത്ര ആരംഭിക്കും

Kerala
  •  4 hours ago
No Image

കേരളത്തിൽ വ്യാഴാഴ്ച്ച ശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 hours ago
No Image

വിഎസിന്റെ വിയോഗം; പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം 

Kerala
  •  5 hours ago
No Image

ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം; ശശി തരൂർ മുൻനിരയിൽ ?

National
  •  12 hours ago
No Image

വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി

Kerala
  •  13 hours ago
No Image

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ

Kuwait
  •  13 hours ago
No Image

ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകി; ആറ് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് ഒമ്പത് സുരക്ഷാ ലംഘന നോട്ടീസുകൾ

National
  •  13 hours ago
No Image

വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ

uae
  •  13 hours ago
No Image

ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു

Cricket
  •  14 hours ago
No Image

വാടകയ്‌ക്കെടുത്ത കാറില്‍ അനുവദനീയമായ ദൂരത്തിന്റെ ഇരട്ടി സഞ്ചരിച്ചു; പിഴ ചുമത്തി അബൂദബി കോടതി

uae
  •  14 hours ago