അനധികൃത ഹജ്ജ്: പിടികൂടി 24 മണിക്കൂറിനുള്ളില്‍ ശിക്ഷ
മക്ക : അനധികൃതമായി ഹജ്ജിനെത്തുന്നവരെ പിടി കൂടി 24 മണിക്കൂറിനുള്ളില്‍ തന്നെ ശിക്ഷാ വിധികള്‍ പ്രഖ്യാപിക്കുമെന്ന് സഊദി അധികൃതര്‍.
ആവശ്യമായ അനുമതിപത്രം ഇല്ലാതെ മക്കയില്‍ കടക്കാന്‍ ശ്രമിക്കുന്നവരെ നിയമ ലംഘകരായി കണക്കാക്കി അനധികൃതമായി ഹജ്ജിനു ശ്രമിച്ചു എന്നതിനാല്‍ പിടികൂടി 24 മണിക്കൂറിനകം ശിക്ഷ വിധിച്ചു നടപ്പിലാക്കുമെന്നു ജയില്‍ ഡയറക്ടറേറ്റ് വിദേശ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ അന്‍സി വ്യക്തമാക്കി.
ഇങ്ങനെ വിധിക്കുന്ന ശിക്ഷകള്‍ക്ക് അപ്പീല്‍ പോകാന്‍ സാധിക്കില്ലെന്നും വിധി അന്തിമമായിരിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
മക്കയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോയിന്റുകളില്‍ സജ്ജീകരിച്ച സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയായിരിക്കും ഇക്കാര്യത്തില്‍ വിധി കേള്‍പ്പിക്കുക.
പിടിക്കപ്പെടുന്നവരെ വിധി പ്രഖ്യാപിച്ചു 48 മണിക്കൂറിനുള്ളില്‍ തന്നെ ജിദ്ദ-മക്ക എക്‌സ്പ്രസ്സ് ഹൈവേയിലുള്ള ശുമേസി ചെക് പോയിന്റിലുള്ള തടവു കേന്ദ്രത്തിലേക്കു മാറ്റും. അനധികൃത ഹജ്ജിനെതിരെ കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍ നേരത്തെ തന്നെ രംഗത്തുണ്ട്.
എല്ലാ ചെക്ക് പോയിന്റുകളിലും കര്‍ശന നിരീക്ഷണമാണ് നടത്തുന്നത്. ഹജ്ജ് പെര്‍മിറ്റോ ,മക്ക ജവാസാത്ത് നല്‍കുന്ന താമസ രേഖയോ ഇല്ലാത്ത ഒരാളെയും ഇവിടങ്ങളില്‍ കടത്തി വിടുന്നില്ല. അധികൃതരുടെ കണ്ണു വെട്ടിച്ച് ഇത്തരത്തില്‍ കിടക്കുന്നവരെ പിടികൂടുക തന്നെ ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.
അനധികൃതമായി ഹജ്ജിനെത്തിയ രണ്ടു ലക്ഷത്തോളം ആളുകളെ അധികൃതര്‍ ചെക്ക് പോയിന്റുകളില്‍നിന്നു തിരിച്ചയച്ചതായി അധികൃതര്‍ വ്യക്തമാക്കി. വിവിധ ചെക്‌പോയിനുകള്‍ വഴി കടക്കാന്‍ ശ്രമിച്ച 188,747 കഴിഞ്ഞ ദിവസം വരെ തിരിച്ചയച്ചതായി മക്ക പൊലിസ് ഡയറക്റ്റര്‍ മേജര്‍ ജനറല്‍ സഈദ് അല്‍ ഖര്‍നി പറഞ്ഞു.
48 ബസുകളിലായി പെര്‍മിറ്റില്ലാതെ വന്നവരും ഇതിലുണ്ട്. മക്കക്ക് ചുറ്റും പരിശോധനക്കായി 109 സെക്യൂരിറ്റി സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങള്‍ മറികടക്കുന്നതിനായി തായിഫിലെ അല്‍ ഹദ മലയുടെ മുകളിലൂടെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് വിദേശ അറബ് വംശജരെ വ്യോമ നിരീക്ഷണ വിഭാഗം പിടികൂടി.
സുരക്ഷാ അധികൃതരുടെ സഹായത്തോടെ ഇവരെ മല മുകളില്‍ നിന്നും പിടികൂടുകയും വൈദ്യ പരിശോധനക്കായി സഊദി റെഡ് ക്രസന്റിന് കൈആരുകയും ചെയ്തു.
മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇവരെ പാസ്‌പോര്‍ട്ട് വിഭാഗത്തിന് തുടര്‍ നടപടികള്‍ക്കായി കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."