സഊദിയുടെ ഫ്ലൈഅദീൽ വിമാന കമ്പനി ഇന്ത്യയിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു
റിയാദ്: സഊദി അറേബ്യയുടെ അതിവേഗം വളരുന്ന കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ ഫ്ലൈഅദീൽ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നു. അടുത്ത വർഷം ആദ്യ പാദത്തിൽ ഇന്ത്യയിലേക്ക് സർവീസുകൾ ആരംഭിക്കാനുള്ള പദ്ധതികളോടെ പുതിയ പ്രധാന അന്താരാഷ്ട്ര വിപുലീകരണത്തിന് തയ്യാറെടുക്കുകയാണ് ഫ്‌ളൈ അദീൽ വിമാന കമ്പനി. ജിദ്ദ ആസ്ഥാനമായുള്ള എയർലൈൻ, ഇന്ത്യയിലെ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും. മുംബൈയായിരിക്കും ഉദ്ഘാടന റൂട്ട് എന്നാണു പ്രതീക്ഷിക്കുന്നത്. ജിദ്ദ (JED), റിയാദ് (RUH), ദമ്മാം (DMM) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന ഫ്ലൈഅദീൽ, 2026 അവസാനത്തോടെ ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്.
സഊദിയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്തുന്ന വിമാന വിമാനക്കമ്പനിയായ ഫ്ലൈഅദീൽ നിലവിൽ ഏതാനും ചില രാജ്യങ്ങളിലേക്ക് മാത്രമാണ് അന്താരാഷ്ട്ര സർവ്വീസുകൾ നടത്തുന്നത്. റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും സിറിയയിലേക്ക് പ്രതിദിന വിമാനങ്ങൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. വാണിജ്യ ഗതാഗതത്തിന് പുറമേ, ഹജ്ജ്, ഉംറ യാത്രാ ആവശ്യകത നിറവേറ്റാനും എയർലൈൻ പദ്ധതിയിടുന്നുണ്ട്. ഒരു ഇന്ത്യൻ എയർലൈനുമായി പങ്കാളിത്തം സ്ഥാപിക്കാനും ഫ്ലൈഅദീൽ ആഗ്രഹിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ യാത്രക്കാരെ അനുവദിക്കും. ഇത് വേഗത്തിലുള്ള കണക്ഷനുകൾ ആവശ്യമുള്ള വിനോദ, ഹജ്ജ്, ഉംറ യാത്രാ യാത്ര എളുപ്പമാക്കും.
മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ A320 സീരിസ് വിമാനങ്ങളുമായാണ് നിലവിൽ എയർലൈൻ പ്രവർത്തിക്കുന്നത്. ഇതിൽ 11 A320-200 വിമാനങ്ങളും 32 A320neos വിമാനങ്ങളും ഉൾപ്പെടുന്നു. ഈ വർഷം അവസാനത്തോടെ, 46 വിമാനങ്ങളായി വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സഊദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സഊദിയയുടെ അനുബന്ധ സ്ഥാപനം കൂടിയായ ഫ്ലൈഅദീൽ ആദ്യത്തെ വൈഡ് ബോഡി വിന്യാസത്തിന് കൂടി തയ്യാറെടുക്കുകയാണ്, 2027 മധ്യത്തോടെ 10 എയർബസ് A330-900neos വിമാനങ്ങൾ കമ്പനിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."