ഞങ്ങളുടെ ദേഷ്യവും നിരാശയും ഇപ്പോള്‍ അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്; ഐ.എസ്.എല്‍ പുനരാരംഭിക്കണം,ഫുട്‌ബോള്‍ ഫെഡറേഷനോട് സുനില്‍ ഛേത്രിയും താരങ്ങളും
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുനരാരംഭിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ആശങ്കയറിയിച്ച് ഇന്ത്യന്‍ താരങ്ങള്‍. സുനില്‍ ഛേത്രി അടക്കം ഐ.എസ്.എല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഇന്നലെ സംയുക്ത പ്രസ്താവന ഇറക്കിയിരിക്കുകയാണ്. എത്രയും വേഗം ലീഗ് പുനരാരംഭിക്കണമെന്ന് ഇവര്‍ അധികൃതരോട് ആവശ്യപ്പെട്ടു. തങ്ങളുടെ ദേഷ്യവും നിരാശയും ഇപ്പോള്‍ അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണെന്ന് താരങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഒക്ടോബര്‍ 16ന് ടെന്‍ഡര്‍ വിളിച്ചെങ്കിലും കൊമേഴ്ഷ്യല്‍ റൈറ്റ്‌സിനായി ആരും രംഗത്തുവന്നിട്ടില്ല. 15 വര്‍ഷത്തെ കരാര്‍ നല്‍കാനായിരുന്നു അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. കൊമേഴ്ഷ്യല്‍-മീഡിയ റൈറ്റ്‌സില്‍ വാണിജ്യ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ടെണ്ടര്‍ വിളിച്ചത്. എന്നാല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നീക്കം പാളിയിരിക്കുകയാണ്. പരിശീലകര്‍, ആരാധകര്‍, സ്റ്റാഫംഗങ്ങള്‍, കളിക്കാര്‍ എന്നിവര്‍ക്ക് ഇതൊരു വലിയ നിരാശയാണ്. ഞങ്ങള്‍ ഒരുപാട് കഠിനാധ്വാനം ചെയ്തു, ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു, എന്നാല്‍ പുതിയ സീസണ്‍ മാത്രം ആരംഭിച്ചില്ലെന്നും, ഇന്ത്യന്‍ പ്രതിരോധ താരം സന്ദേശ് ജിങ്കന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു, സുനില്‍ ഛേത്രി എന്നിവരും പ്രസ്താവനയിലൂടെ തങ്ങളുടെ നിരാശ അറിയിച്ചു. ഞങ്ങള്‍ സ്‌നേഹിക്കുന്ന കളിയെ പുനരുജീവിപ്പിക്കാന്‍ തോളോട് തോള്‍ ചേര്‍ന്നുനില്‍ക്കുകയാണെന്ന് ഛേത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം പ്രതിഷേധം ശക്തമായിട്ടും ഐ.എസ്.എല്‍ എപ്പോള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അലംഭാവത്തില്‍ സ്‌പോണ്‍സര്‍മാര്‍ പലരും ടൂര്‍ണമെന്റിലേക്ക് എത്താന്‍ മടിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
സംരംഭകര്‍ക്ക് താൽപര്യമില്ല
സംരംഭകര്‍ക്ക് ഐ.എസ്.എല്ലിന്റെ ഗവേണിങ് കൗണ്‍സിലില്‍ മതിയായ പ്രാതിനിധ്യമില്ലാത്തതിനാല്‍ ലീഗിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഞ്ച് കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച് എ.ഐ.എഫ്.എഫിന് കത്തയിച്ചിരുന്നു. ലേല നടപടികള്‍ എങ്ങനെയാണെന്നും അന്വേഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലൊരു പ്രതികരണം ഫെഡറേഷന്‍ നല്‍കിയിട്ടില്ല.
ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊമേഴ്ഷ്യല്‍ പാര്‍ട്ണര്‍ 15 വര്‍ഷത്തോളം ലീഗിന്റെ ഭാഗമായിരിക്കും. എന്നാല്‍ ഇതിന് പല കമ്പനികള്‍ക്കും താല്‍പര്യമില്ല. ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലെപ്‌മെന്റ് ലിമിറ്റഡ് പോലും സ്‌പോണ്‍സറായി മുന്നോട്ടുവന്നില്ല.
നവംബര്‍ ഏഴിന് അഞ്ചുമണിക്ക് മുന്‍പായിട്ടാണ് ടെണ്ടര്‍ നല്‍കേണ്ടിയിരുന്നത്. ഐ.എസ്.എല്ലിന്റെ ഗവേണിങ് കൗണ്‍സിലില്‍ ആറംഗങ്ങളാണ് ഉള്ളത്. ഇതില്‍ ഒരു സീറ്റ് മാത്രമാണ് കൊമേഴ്ഷ്യല്‍ പാര്‍ട്ണര്‍ക്ക് അനുവദിച്ചിരിക്കുന്നത്. മൊത്തം 17 ശതമാനം പ്രാതിനിധ്യം മാത്രം. ഇത് സംരംഭകരെ അകറ്റിയിരിക്കുകയാണ്.
പരിശീലനം നിര്‍ത്തി ബ്ലാസ്റ്റേഴ്‌സ്
ഐ.എസ്.എല്‍ അനിശ്ചിതത്വങ്ങള്‍ക്കിടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ക്ലബുകള്‍. കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ താരങ്ങളെല്ലാം പരിശീലനവും അവസാനിപ്പിച്ചു. നേരത്തെ ഒഡീഷ എഫ്.സിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചിരുന്നു.
ഈ മാസം തന്നെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് തീരുമാനിച്ചിരുന്നുവെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് സി.ഇ.ഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. ലീഗ് തുടങ്ങുന്ന കാര്യത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ക്ലബിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അത് ശരിയായ കാര്യമില്ല. ഉടമകളില്‍ ഒരുപാട് സമ്മര്‍ദമുണ്ടാക്കും. കളിക്കാരെയും സ്റ്റാഫിനെയും ബാധിക്കും. ഫുട്‌ബോളിനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."