കോഴിക്കോട് സ്വകാര്യ ബസുകളുടെ 'അഭ്യാസപ്രകടനം'; ഡ്രൈവർ അറസ്റ്റിൽ, വധശ്രമക്കുറ്റം
കോഴിക്കോട്: നഗരമധ്യത്തിൽ തിരക്കേറിയ റോഡിൽ വെച്ച് മറ്റ് രണ്ട് ബസുകളിലേക്ക് മനഃപൂർവം ബസ് ഇടിച്ചുകയറ്റിയ സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. 'ഗ്രീൻസ്' ബസ് ഡ്രൈവറും പെരുമണ്ണ സ്വദേശിയുമായ മജ്റൂഫിനെയാണ് കോഴിക്കോട് ടൗൺ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോട് മാനാഞ്ചിറയിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള സംഭവങ്ങൾ അരങ്ങേറിയത്. സമയക്രമത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഫറോക്ക് - മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന 'കീർത്തനം' എന്ന ബസിലും മറ്റൊരു ബസിലുമാണ് ഗ്രീൻസ് ബസ് ഇടിച്ചു കയറ്റിയത്. ബസുകൾക്കിടയിലേക്ക് തന്റെ വാഹനം വെട്ടിത്തിരിച്ച് മജ്റൂഫ് മനഃപൂർവം ഇടിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തിരക്കേറിയ റോഡിൽ പകൽസമയത്തുണ്ടായ ഈ അഭ്യാസപ്രകടനത്തിനിടെ വലിയ ദുരന്തമാണ് ഒഴിവായത്. സമയക്രമത്തിന് പുറമെ, ബസ് വിൽപ്പനയുമായി ബന്ധപ്പെട്ട ചില തർക്കങ്ങളും ഈ ആക്രമണത്തിന് പിന്നിലുണ്ടെന്ന് ആരോപണമുണ്ട്.
തുടരുന്ന നിയമലംഘനങ്ങൾ
നഗരത്തിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ഗുണ്ടായിസവും വർധിച്ചുവരികയാണ്. ഒരു മാസം മുമ്പ് രണ്ടാം ഗേറ്റിന് സമീപം വെച്ച് സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ബസ് ജീവനക്കാരൻ മറ്റൊരു ബസിന്റെ ചില്ല് എറിഞ്ഞു തകർത്തിരുന്നു. സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് ആവർത്തിക്കുമ്പോഴും ഇത്തരം അഭ്യാസപ്രകടനങ്ങൾ തുടരുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നുണ്ട്. മജ്റൂഫിന്റെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കുമെന്നാണ് സൂചന.
A private bus driver, Majroof, was arrested by the Kozhikode Town Police after he intentionally rammed his vehicle into two other buses at Mananchira. The incident, caught on CCTV, occurred in broad daylight on a busy road due to a dispute over bus timings. Since the act posed a severe threat to the lives of passengers and pedestrians, the police have charged him with attempted murder.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."