പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി ഹരിത പെരുമാറ്റച്ചട്ടം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കാനുള്ള നോഡൽ ഓഫിസർ. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്ലാസ്റ്റിക്, പിവിസി, ഫ്ലക്സ് എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിച്ചു. റീസെെക്കിൾ ചെയ്യാൻ സാധിക്കുന്ന ഹരിത വസ്തുക്കൾ ഉപയോഗിച്ച് മാത്രമേ കൊടിതോരണങ്ങളും, പ്രചരണ ബോർഡുകളും നിർമിക്കാൻ പാടുള്ളൂ എന്നും സർക്കുലറിൽ നിർദേശമുണ്ട്.
പ്രചാരണങ്ങൾക്കും പരസ്യങ്ങൾക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ പാടുള്ളു. പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. വാഴയിലയിലോ പാത്രങ്ങളിലോ ഭക്ഷണ പാഴ്സലുകൾ തയാറാക്കണം. ബോർഡുകൾ, ബാനറുകൾ, ഹോൾഡിങ്ങുകൾ തുടങ്ങിയവ നിർമിക്കുന്നതിന് പേപ്പർ, പി.സി.ബി സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുന:ചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിൻ പോലുള്ളവ ഉപയോഗിക്കാം. രാഷ്ട്രീയ പാർട്ടി ഓഫിസുകൾ അലങ്കരിക്കാൻ പ്രകൃതി സൗഹൃദ വസ്തുക്കൾമാത്രം ഉപയോഗിക്കണം. പ്ലാസ്റ്റിക് ബോട്ടിലുകൾ, തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്സലുകൾ തുടങ്ങിയവ ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രചാരണ സാമഗ്രികൾ ശേഖരിച്ച് ഹരിതകർമ സേനക്ക് കൈമാറണമെന്നും നിർദേശമുണ്ട്. അതിന് യൂസർഫീ നൽകണമെന്നും, അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങൾ അത് നീക്കി ചെലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനായി ശുചിത്വമിഷൻ തയാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും ഹാൻഡ്ബുക്ക് സംസ്ഥാന ശുചിത്വ മിഷൻ വെബ്സെെറ്റിൽ ലഭ്യമാണ്. ഹാൻഡ്ബുക്ക് ശുചിത്വ മിഷൻ വെബ് സൈറ്റിൽ (https://www.suchitwamission.org/publication/electionbook) ലഭ്യമാണ്. ഹരിതച്ചട്ടം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംശയങ്ങൾ, മറുപടികൾ, നിയമ നടപടികൾ, സർക്കുലറുകൾ, ഉത്തരവുകൾ തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിലുണ്ട്.
kerala Election commission has introduced a green code for local elections, banning the use of plastic, pvc, and flex materials in campaign activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."