വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു
ഹനമാകി: ജപ്പാനിലെ ഒരു പ്രധാന വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കിയത് മറ്റാരുമല്ല, റൺവേയിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഒരു കരടിയാണ്. യാത്രാ വിമാനം ലാൻഡ് ചെയ്യുന്നതിനിടയിൽ റൺവേയിലൂടെ തലങ്ങും വിലങ്ങും പായുന്ന കരടിയെ അധികൃതർ കണ്ടെത്തിയതോടെ ജപ്പാനിലെ വടക്ക് കിഴക്കൻ മേഖലയിലുള്ള ഹനമാകി വിമാനത്താവളത്തിൽ വലിയ ആശയക്കുഴപ്പമാണ് ഉണ്ടായത്.
ബുധനാഴ്ചയാണ് സംഭവം. റൺവേയിൽ അതിക്രമിച്ച് കയറിയ കരടി വിമാനത്താവളത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും അലങ്കോലപ്പെടുത്തി. ഉടൻ തന്നെ അധികൃതർ റൺവേ അടച്ചിടുകയും പൊലിസും വിമാനത്താവള ഉദ്യോഗസ്ഥരും ചേർന്ന് കരടിക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഏകദേശം രണ്ട് മണിക്കൂറോളമാണ് തിരച്ചിൽ നീണ്ടത്. എന്നാൽ, മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലും കരടിയെ കണ്ടെത്താനായില്ല.
അടുത്തിടെയായി വടക്ക് കിഴക്കൻ ജപ്പാനിൽ കരടിയുടെ ആക്രമണം വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഈ പർവ്വത മേഖലയിൽ സാധാരണക്കാർക്ക് നേരെ കരടിയുടെ ആക്രമണം പതിവായതോടെ നവംബർ മാസത്തിൽ ജപ്പാൻ പ്രതിരോധ സേനയെ വരെ ഇവിടെ വിന്യസിച്ചിരുന്നു.
സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, സൂപ്പർമാർക്കറ്റുകൾ, റിസോർട്ടുകൾ എന്നിവിടങ്ങൾക്ക് സമീപം പോലും ആളുകളെ കൂസാതെ കരടി എത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് ഈ മേഖലയിൽ പതിവായിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ നൂറിലധികം ആളുകൾക്കാണ് കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. അതിൽ 12 പേർ മരണപ്പെടുകയും ചെയ്തു എന്നതാണ് സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നത്.
കൂൺ ശേഖരിക്കാൻ പോയ വയോധികയെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് അകിറ്റ മേഖലയിൽ കരടിയെ നേരിടാൻ സൈന്യത്തെ വിന്യസിക്കേണ്ടി വന്നത്. 2006 മുതലാണ് ജപ്പാനിൽ കരടിയാക്രമണങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങിയത്. ഗ്രാമപ്രദേശങ്ങളിൽ ആളുകൾ കുറഞ്ഞതോടെ തോട്ടങ്ങളായി മാറിയ പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ തമ്പടിക്കാൻ തുടങ്ങിയതാണ് ഈ ഭീഷണിയുടെ പ്രധാന കാരണം.
ഈ സാഹചര്യത്തിൽ, റൺവേയിലെ കരടിയുടെ സാന്നിധ്യം വിമാനത്താവള അധികൃതരെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്.
A bear on the runway at Hanamaki Airport in Japan caused major disruption to airport operations. Authorities spotted the bear as a passenger plane was landing, forcing them to shut down the runway for two hours while they searched for the animal. This incident highlights the growing issue of bear attacks in the region, which has led to numerous injuries and fatalities in recent months.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."