മോചിതനായി രണ്ട് മാസം തികയുമ്പോൾ അസം ഖാൻ വീണ്ടും ജയിലിലേക്ക്; മകനെയും തടവിന് ശിക്ഷിച്ചു
ന്യൂഡൽഹി: സീതാപൂർ ജയിലിൽ നിന്ന് മോചിതനായി രണ്ട് മാസം തികയുമ്പോഴേക്കും മുതിർന്ന സമാജ് വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ അസം ഖാൻ വീണ്ടും ജയിലിലേക്ക്. വ്യത്യസ്ത ജനനത്തീയതികൾ ഉപയോഗിച്ച് രണ്ട് പാൻ കാർഡുകൾ നേടിയെന്ന് ആരോപിച്ച് 2019ൽ രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഖാനെ ജയിലിലേക്ക് ഇന്നലെ വീണ്ടും തിരിച്ചയച്ചു. വിധി പുറത്തുവന്നതിന് പിന്നാലെ അസം ഖാനെ കനത്ത സുരക്ഷയിൽ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. രാംപൂരിലെ പ്രത്യേക ജനപ്രതിനിധി കോടതി ഇതേ കേസിൽ മകൻ അബ്ദുല്ല അസമിനെ ഏഴ് വർഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്.
ഒന്നും പറയുന്നില്ലെന്നും അത് കോടതിയുടെ തീരുമാനമാണെന്നും, വിധിയെക്കുറിച്ചുള്ള ചോദ്യത്തിന് അസം ഖാൻ പറഞ്ഞു. കേസിൽ ഇതിനകം ജുഡീഷ്യൽ കസ്റ്റഡിയിൽ ചെലവഴിച്ച ദിവസങ്ങളുടെ എണ്ണം അസം ഖാന്റെ ജയിൽ ശിക്ഷാ കാലാവധിയിൽ കുറയ്ക്കുമെന്ന് പ്രോസിക്യൂഷൻ ഓഫീസർ രാകേഷ് കുമാർ മൗര്യ പറഞ്ഞു.
1993 ൽ അബ്ദുല്ല അസം തന്റെ സ്‌കൂൾ സർട്ടിഫിക്കറ്റുകളുമായും ബാങ്ക് രേഖകളുമായും പൊരുത്തപ്പെടുന്ന ജനനത്തീയതി ഉപയോഗിച്ച് രണ്ട് പാൻ കാർഡ് നേടിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് ആകാശ് സക്‌സേന നൽകിയ പരാതിയാണ് കേസ്സിന്നാധാരം. പിതാവുമായി ഗൂഢാലോചന നടത്തി അബ്ദുല്ല വ്യാജ പാൻ കാർഡ് വാങ്ങിയതായും അത് ഔദ്യോഗിക രേഖകളിൽ സമർപ്പിച്ചതായുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട ഐ.പി.സി വകുപ്പുകൾ പ്രകാരം രാംപൂരിലെ സിവിൽ ലൈൻസ് പൊലിസ് ആണ് കേസന്വേഷിച്ചത്.
യു.പിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഭൂമി കൈയേറ്റം, അഴിമതി, ഭീഷണിപ്പെടുത്തൽ, ആട് മോഷണം, വഞ്ചന, പ്രകോപനപരമായ പ്രസംഗം എന്നിവയുൾപ്പെടെ മൊത്തം 84 കേസുകൾ ആണ് ഖാനെതിരേ രജിസ്റ്റർ ചെയ്തത്. ഇതിൽ നാല് കേസുകളിൽ ശിക്ഷിക്കപ്പെട്ടു. നാല് കേസുകളിൽ കുറ്റവിമുക്തനാക്കപ്പെട്ടു. ബാക്കിയുള്ളവ ഇപ്പോഴും തീർപ്പുകൽപ്പിച്ചിട്ടില്ല.
asam khan, a senior samajwadi party leader and former minister, has been sent back to jail just two months after being released from sitapur jail. he was convicted in a 2019-registered case for allegedly obtaining two pan cards using different birth dates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."