ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം; 12 പേർക്ക് പരുക്ക്
അൽമോറ: ഉത്തരാഖണ്ഡിലെ അൽമോറയിൽ ഉണ്ടായ ബസ് അപകടത്തിൽ ഏഴ് പേർ മരിച്ചു, 12 പേർക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെ അൽമോറയിലെ ദ്വാരഹട്ടിൽ നിന്ന് നൈനിറ്റാളിലെ രാംനഗറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. 19 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ഒരു വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് 200 മീറ്റർ ആഴമുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗോവിന്ദ് വല്ലഭ് (80), പാർവതി ദേവി (75), നന്ദൻ സിംഗ് (65), താര ദേവി (50), ഗണേഷ് (25), ഉമേഷ് (25), ഗോവിന്ദി ദേവി (58) എന്നിവരാണ് മരിച്ചത്. ഇവർ അൽമോറയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
സംസ്ഥാന ദുരന്തനിവാരണ സേന ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്ക്കായി ഋഷികേശ് എയിംസിലേക്ക് (AIIMS) കൊണ്ടുപോയി. മറ്റ് മൂന്ന് പേരെ രാംനഗറിലെ ആശുപത്രിയിലേക്കും മാറ്റി. മറ്റുള്ളവർ ഭിഖിയാസൈനിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിൽ അമിതമായി യാത്രക്കാർ ഉണ്ടായിരുന്നില്ലെന്ന് എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2019-ൽ രജിസ്റ്റർ ചെയ്ത ഈ ബസിന് ഉത്തർപ്രദേശിൽ രണ്ട് ട്രാഫിക് നിയമലംഘന കേസുകൾ നിലവിലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ അധികൃതർ ആർടിഒക്ക് നിർദേശം നൽകിയിട്ടുണ്ട്.
അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.
A private bus carrying passengers from Dwarahat to Ramnagar in Uttarakhand's Almora district met with an accident, leaving 7 people dead and 12 others injured. The bus was headed to Ramnagar in Nainital when the incident occurred on Tuesday morning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."