എസ്.ഐ.ആർ: സമയം വെട്ടിക്കുറച്ച നിർദേശം പിൻവലിച്ച് മലപ്പുറം കലക്ടർ
മഞ്ചേരി: എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയം വെട്ടിച്ചുരുക്കിയ തീരുമാനം പിൻവലിച്ച് മലപ്പുറം കലക്ടർ.
തെരഞ്ഞെടുപ്പ് കമ്മിഷൻ ഡിസംബർ നാല് വരെ ബി.എൽ.ഒമാർക്ക് സമയം നൽകിയിരുന്നെങ്കിലും ഈ മാസം 29 നകം എല്ലാ നടപടികളും പൂർത്തിയാക്കണമെന്ന നിർദേശമാണ് തിങ്കളാഴ്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ മലപ്പുറം കലക്ടർ സർക്കുലറിലൂടെ അറിയിച്ചത്. വിചിത്രമായ നടപടി സംബന്ധിച്ച് ഇന്നലെ സുപ്രഭാതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ രാഷ്ട്രീയപാർട്ടികളും ബി.എൽ.ഒമാരും കലക്ടറുടെ നടപടിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.
തുടർന്ന് നിർദേശം പിൻവലിച്ച് കലക്ടർ ഇന്നലെ പുതിയ സർക്കുലർ ഇറക്കി. ഇന്നലെ മുതൽ 20 വരെ എന്യൂമറേഷൻ ഫോമുകളുടെ സ്വീകരണത്തിന് കലക്ഷൻ സെൻ്ററുകൾ പ്രവർത്തിക്കണമെന്ന നിർദേശം പിൻവലിച്ച് ബി.എൽ.ഒമാർക്ക് ആപ്പ് വഴിയുള്ള ഡിജിറ്റലൈസിന് സൗകര്യപ്രദമായ സ്ഥലം വില്ലേജ് ഓഫിസർ കണ്ടെത്തണമെന്നാക്കി.
വില്ലേജ് ഓഫിസിൽ സ്ഥലക്കുറവ് ഉണ്ടെങ്കിൽ വില്ലേജ് പരിധിയിലെ സ്കൂളുകളൊ കെട്ടിടങ്ങളൊ ഒരുക്കിനൽകണമെന്നും നിർദേശമുണ്ട്. ടെക്നിക്കൽ സൗകര്യങ്ങളും വില്ലേജ് ഓഫിസർ നൽകണം. ഓരോ വില്ലേജ് ഓഫിസർമാരും അഞ്ച് മുതൽ 10 വരെ വളണ്ടിയർമാരെ കണ്ടെത്തി ബി.എൽ.ഒമാർക്ക് സഹായം നൽകണമെന്നും കലക്ടർ നിർദേശം നൽകി.
ജോലിഭാരം സംബന്ധിച്ച് ബി.എൽ.ഒമാരുടെ പരാതി രൂക്ഷമായ ഘട്ടത്തിലായിരുന്നു ദുരിതം ഇരട്ടിയാക്കി മലപ്പുറം കലക്ടർ നിർദേശം നൽകിയിരുന്നത്. പുതിയ നിർദേശം ബി.എൽ.ഒമാർക്ക് ഒരുപരിധിവരെ ആശ്വാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."