അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി
തൃശൂർ: നിയമം ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടിൽ നിന്ന് പിടിച്ച മീൻ ലേലം ചെയ്ത് 1,17,100 രൂപ സർക്കാർ കണ്ടുകെട്ടി. തീരത്തോടുചേർന്ന് കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചാണ് മത്സ്യബന്ധനം നടത്തിയത്. കൂടാതെ ബോട്ടുടമയ്ക്ക് 2.50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. തൃശൂർ അഴീക്കോടിന് സമീപമാണ് സംഭവം.
ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘമാണ് അനധികൃത മത്സ്യബന്ധനം നടത്തിയ 'തീർത്ഥം രണ്ട്' എന്ന ബോട്ട് പിടികൂടിയത്. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്തുനിന്നാണ് ചാവക്കാട് സ്വദേശി സനലിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് കരവലി നടത്തുന്നതിനിടെ വലയിലായത്.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് മീൻപിടിത്തം നടത്തിയതിനാണ് നടപടിയെടുത്തത്. ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ നിന്നാണ് മീൻപിടിത്തം നടത്തിയത്. പിടികൂടിയ മത്സ്യം അഴീക്കോട് ഹാർബറിൽ പരസ്യ ലേലം ചെയ്തതിലൂടെ ലഭിച്ച 1,17,100 രൂപയാണ് സർക്കാരിലേക്ക് കണ്ടുകെട്ടിയത്. ബോട്ടുടമയായ സനലിന് സർക്കാർ 2.50 ലക്ഷം രൂപ പിഴയും ചുമത്തി.
ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി. ഗ്രേസി, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
അനധികൃത മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ആഴക്കടലിലും തീരക്കടലിലും ഹാർബറുകളിലും രാവും പകലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
A boat was seized by Fisheries Marine Enforcement near Azhikode, Thrissur, for illegal fishing using small-mesh nets in shallow waters, violating the Kerala Marine Fishing Regulation Act. The fish caught were publicly auctioned for ₹1,17,100, which was confiscated by the government. The boat owner was also fined ₹2.50 lakh. Authorities have warned of intensified surveillance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."