എസ്.ഐ.ആര്‍: കരട് പട്ടികയില്‍ ഗുരുതര പിഴവുകളെന്ന് പരാതി; മമതയുടെ മണ്ഡലത്തില്‍നിന്ന് മാത്രം 45,000 പേരെ പുറത്താക്കി
ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കരട് വോട്ടര്‍ പട്ടികയ്‌ക്കെതിരെ വ്യാപക പരാതി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളടക്കം പരാതിയുമായി രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിരോധത്തിലായി. കുറ്റമറ്റ രീതിയിലാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ജീവിച്ചിരിക്കുന്നവരും, സ്ഥലത്ത് സ്ഥിരതാമസക്കാരുമായ ആയിരക്കണക്കിനാളുകളാണ് കരട് പട്ടികയില്‍ നിന്ന് കൂട്ടത്തോടെ ഒഴിവാക്കപ്പെട്ടത്. മരണപ്പെട്ടതായി എസ്.ഐ.ആര്‍ കരട് പട്ടികയില്‍ രേഖപ്പെടുത്തിയ പലരും സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തി പരാതിപ്പെട്ടു.
കൃത്യമായ പരിശോധന നടത്താതെയാണ് മിക്ക ബൂത്തുകളിലും കരട് പട്ടിക പുറത്തിറക്കിയതെന്നാണ് ആരോപണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തിയാണ് എസ്.ഐ.ആര്‍ ഫോമുകള്‍ സ്വീകരിക്കേണ്ടത്. എന്നാല്‍, സമയക്കുറവ് മൂലം പല ബി.എല്‍.ഒമാരും വീടുകളില്‍ എത്തിയില്ലെന്ന പരാതി ബംഗാളിലും രാജസ്ഥാനിലും വ്യാപകമാണ്. നാട്ടിലുള്ളവരെ കണ്ടെത്താനായില്ലെന്നും, മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ സ്ഥിരമായി താമസം മാറിയവരായുമാണ് കരട് പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കരട് പട്ടിക പരിശോധിച്ച് വോട്ടര്‍മാരുടെ പേരുവിവരം ശേഖരിക്കുകയാണ്. മതിയായ കാരണമില്ലാതെ ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരം ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം.
അതിനിടെ, കരട് വോട്ടര്‍ പട്ടികയില്‍ തങ്ങളെ ബ്രാഹ്മണരാക്കിയെന്ന ആരോപണവുമായി സി.പി.എം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ എം.പിയുമായ മുഹമ്മദ് സലീമും മകന്‍ അതീഷ് അസീസും രംഗത്തെത്തി. എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇരുവരുവരെയും ബ്രാഹ്മണര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തികഞ്ഞ അലംഭാവത്തോടെയാണ് എസ്.ഐ.ആര്‍ നടപ്പിലാക്കിയതെന്നും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനമോ സാവകാശമോ നല്‍കാതെ തിടുക്കപ്പെട്ട് നടത്തിയ പരിഷ്‌കരണം മൂലം യഥാര്‍ഥ വോട്ടര്‍മാര്‍ കൂട്ടത്തോടെ പുറത്താകുന്ന സാഹചര്യമാണുള്ളതെന്നും മുഹമ്മദ് സലീം ആരോപിച്ചു. അതേസമയം, കരട് പട്ടികയിലെ പിശകുകള്‍ തിരുത്താന്‍ അവസരമുണ്ടെന്നും ജനുവരി 15വരെ ബി.എല്‍.ഒ മാര്‍ മുഖേനയോ കമ്മീഷന്റെ വെബ്‌സൈറ്റ് മുഖേനയോ പരാതിപ്പെടാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. അതേസമയം, വോട്ടര്‍ പട്ടികയില്‍ നിന്ന് ഇത്രയും അധികം വോട്ടര്‍മാരെ നീക്കം ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. അര്‍ഹരായ വോട്ടര്‍മാരെയാണ് കമ്മീഷന്‍ നീക്കം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടര്‍ പട്ടികയിലെ അര്‍ഹരായ വോട്ടര്‍മാരെ കൂട്ടത്തോടെ നീക്കം ചെയ്യുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്ന് 58 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. മുഖ്യമമന്ത്രി മമതയുടെ മണ്ഡലത്തില്‍ മാത്രം 45,000 വോട്ടുകളാണ് നീക്കിയത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കരട് പട്ടിക പ്രകാരം സംസ്ഥാനത്തുനിന്ന് ആകെ 58 ലക്ഷം പേരെയാണ് പുറന്തള്ളിയത്. ഇതില്‍ 24 ലക്ഷം പേര്‍ മരണപ്പെട്ടവരും 19 ലക്ഷം പേര്‍ താമസം മാറിയവരും 12 ലക്ഷം പേര്‍ കണ്ടെത്താനാകാത്തവരും 1.3 ലക്ഷം പേരുടെ പേരുകള്‍ ആവര്‍ത്തിച്ചതായും പറയുന്നു. രാജസ്ഥാനിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 42 ലക്ഷം വോട്ടര്‍മാരുടെ പേരുകളാണ് നീക്കം ചെയ്തത്. സംസ്ഥാനത്തെ 5.46 കോടി വോട്ടര്‍മാരില്‍ 41.79 ലക്ഷം വോട്ടര്‍മാരുടെ എണ്ണല്‍ ഫോമുകള്‍ ശേഖരിക്കാന്‍ സാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നത്. നീക്കം ചെയ്യപ്പെട്ടവരില്‍ 8.75 ലക്ഷം പേര്‍ മരണപ്പെട്ടവരും 29.6 ലക്ഷം പേര്‍ സ്ഥലത്തില്ലാത്തവരും 3.44 ലക്ഷം പേര്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്‍പ്പെട്ടവരുമാണ്. അതേസമയം, സംസ്ഥാനത്ത് 11 ലക്ഷത്തോളം വോട്ടര്‍മാര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു.
The Election Commission on has published the draft voter list in three states and two Union Territories — West Bengal, Rajasthan, Goa, Puducherry, and Lakshadweep — after completing the enumeration stage of the Special Intensive Revision (SIR) exercise. The poll panel has directed Chief Electoral Officers (CEOs) and District Electoral Officers (DEOs) to provide hard copies of the draft rolls to all recognised political parties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."