രോഗിയെ തല്ലിച്ചതച്ച ഡോക്ടറെ പിരിച്ചുവിട്ടു; ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമ്പോഴും മർദ്ദനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഷിംല: ഹിമാചൽ പ്രദേശിലെ ഐജിഎംസി (IGMC) ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ ക്രൂരമായി മർദ്ദിച്ച സീനിയർ റസിഡന്റ് ഡോക്ടർ രാഘവ് നിരുലയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹിമാചൽ പ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ ഡയറക്ടറേറ്റാണ് ഡോക്ടറെ ജോലിയിൽ നിന്ന് നീക്കി ഉത്തരവിറക്കിയത്. സംഭവത്തിൽ ഡോക്ടർക്കെതിരെ ഷിംല പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 36-കാരനായ അർജുൻ സിംഗാണ് ഡോക്ടറുടെ ക്രൂരതയ്ക്ക് ഇരയായത്. ഓക്സിജൻ അളവ് കുറഞ്ഞ് അവശനിലയിലായിരുന്ന തന്നോട് മെഡിക്കൽ പേപ്പറുകളെക്കുറിച്ച് ചോദിച്ച് ഡോക്ടർ തർക്കിക്കുകയായിരുന്നുവെന്ന് അർജുൻ സിംഗ് പറഞ്ഞു. ശ്വസിക്കാൻ പ്രയാസമുള്ളതിനാൽ മറുപടി പറയാൻ വൈകിയത് ഡോക്ടറെ പ്രകോപിപ്പിച്ചു.
തുടർന്ന് ഡോക്ടർ മുഖത്തും ശരീരത്തിലും ആവർത്തിച്ച് മർദ്ദിച്ചതായും ഇതിനെത്തുടർന്ന് മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവമുണ്ടായതായും രോഗി ആരോപിച്ചു. ആക്രമണത്തിനിടെ തന്നോട് ഘടിപ്പിച്ചിരുന്ന ഓക്സിജൻ പൈപ്പ് പൊട്ടിപ്പോയത് ജീവന് തന്നെ ഭീഷണിയായെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഡോ. നിരുല മർദ്ദിക്കുമ്പോൾ മറ്റൊരു ഡോക്ടർ തന്റെ കാലുകൾ പിടിച്ചുമാറ്റി പ്രതിരോധിക്കാൻ കഴിയാത്ത വിധം ഡോക്ടറെ സഹായിച്ചുവെന്ന ഗൗരവകരമായ ആരോപണവും അർജുൻ സിംഗ് ഉന്നയിച്ചിട്ടുണ്ട്. രോഗിയുടെ സഹോദരനാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. രോഗി 112-ൽ വിളിച്ച് അറിയിച്ചതിനെത്തുടർന്ന് പൊലിസ് എത്തിയാണ് നടപടികൾ സ്വീകരിച്ചത്. ഡോ. നിരുലയ്‌ക്കൊപ്പം കണ്ടാലറിയാവുന്ന മറ്റൊരു ഡോക്ടർക്കെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.
ഡോക്ടറെ പിരിച്ചുവിട്ട സർക്കാർ നടപടിയെ അർജുൻ സിംഗ് സ്വാഗതം ചെയ്തു. "ഈ മാതൃകാപരമായ നടപടി സ്വീകരിച്ചതിന് സർക്കാരിനോട് നന്ദി അറിയിക്കുന്നു," ഓക്സിജൻ മാസ്ക് ധരിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഡിസംബർ 22-ന് നടന്ന ഈ സംഭവം വീഡിയോ പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
ആശുപത്രികളിൽ രോഗികളോട് മോശമായി പെരുമാറുന്നവർക്കുള്ള താക്കീതാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരെയും അന്വേഷണം തുടരുകയാണ്.
a doctor has been dismissed after allegedly assaulting a patient, triggering public outrage and shock. reports reveal the patient was beaten even while struggling to breathe, raising serious concerns over medical ethics and patient safety. authorities launched a detailed investigation, promising strict action and stronger safeguards to prevent such incidents in hospitals and healthcare institutions across the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."