ജനങ്ങളെ സഹായിക്കാൻ നേരിട്ടിറങ്ങി റാസൽഖൈമ കിരീടാവകാശി; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ
റാസൽഖൈമ: ഔദ്യോഗിക പദവികളുടെ ആഡംബരങ്ങളില്ലാതെ സാധാരണക്കാരിലൊരാളായി മണ്ണിലിറങ്ങി പണിയെടുക്കുന്ന റാസൽഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എമിറേറ്റിലെ പുതിയ റെസിഡൻഷ്യൽ ഏരിയകളിൽ ഭൂമി നിരപ്പാക്കുന്ന ജോലിയിൽ താമസക്കാരെ സഹായിക്കാനായി അദ്ദേഹം നേരിട്ട് ബുൾഡോസർ ഓടിക്കുന്ന ദൃശ്യങ്ങളാണ് ലോകമെമ്പാടുമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുന്നത്.
പുതിയ പാർപ്പിട മേഖലകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു കിരീടാവകാശി. അവിടെ ജോലിയിൽ ഏർപ്പെട്ടിരുന്നവർക്കൊപ്പം ചേർന്ന് ബുൾഡോസർ ഓടിച്ച അദ്ദേഹം, വികസന പ്രവർത്തനങ്ങളിൽ താൻ കേവലം ഒരു കാഴ്ചക്കാരനല്ലെന്നും പങ്കാളിയാണെന്നും തെളിയിച്ചു. ഭരണാധികാരികളുടെ വിനയത്തിന്റെയും ജനങ്ങളോടുള്ള ആത്മബന്ധത്തിന്റെയും തെളിവായി ഈ ദൃശ്യങ്ങൾ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്.
പ്രശംസയുമായി സോഷ്യൽ മീഡിയ
ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. "ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നേതൃത്വത്തിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല" എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പക്ഷം. പൗരന്മാർക്ക് മാന്യമായ ജീവിതസാഹചര്യങ്ങൾ ഉറപ്പാക്കാൻ കിരീടാവകാശി നടത്തുന്ന നിരന്തരമായ ഫീൽഡ് പരിശോധനകളെയും വികസന പ്രവർത്തനങ്ങളെയും പ്രവാസികളും സ്വദേശികളും ഒരുപോലെ അഭിനന്ദിക്കുന്നു.
കഴിഞ്ഞ ആഴ്ച യുഎഇയിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ വാദി കുബ്, അൽ അയ്ം തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം നേരിട്ട് സന്ദർശനം നടത്തിയിരുന്നു. പ്രദേശവാസികളെ നേരിൽ കണ്ട് സംസാരിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്ത അദ്ദേഹം, റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ ആശംസകളും അവരെ അറിയിച്ചു. എമിറേറ്റിലെ വിദൂര പ്രദേശങ്ങളിൽ പോലും ജീവിതനിലവാരം മെച്ചപ്പെടുത്താൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം വ്യക്തമാക്കി.
റാസൽഖൈമയുടെ കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമി, എമിറേറ്റിലെ കമ്മ്യൂണിറ്റി കാര്യങ്ങൾ, പൊതു സേവനങ്ങൾ, വികസന പദ്ധതികൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്നതിൽ സജീവമാണ്. സാധാരണക്കാരുമായി നേരിട്ട് സംവദിക്കാനും അവരുടെ പരാതികൾ പരിഹരിക്കാനും സമയം കണ്ടെത്തുന്ന അദ്ദേഹം യുഎഇയിലെ ജനപ്രിയ നേതാക്കളിലൊരാളായാണ് അറിയപ്പെടുന്നത്.
the ras al khaimah crown prince personally stepped out to assist residents, drawing widespread praise on social media. the video showing his hands on approach to public service quickly went viral, highlighting leadership compassion and accessibility. users lauded the gesture as a strong message of responsibility empathy and commitment to people welfare across the emirate and wider uae community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."