സഫലമീ യാത്ര, ഇനി കുണിയയിലേക്ക്
മംഗളുരു: മൂന്ന് സംസ്ഥാനങ്ങൾ, 18 സ്വീകരണ കേന്ദ്രങ്ങൾ, 10 ദിനരാത്രങ്ങൾ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ചരിത്രത്തിലാധ്യമായി സമസ്തയെ പരിചയപ്പെടുത്താൻ സമസ്തയുടെ അധ്യക്ഷൻ ഒരു യാത്രക്കിറങ്ങിയപ്പോൾ ആ യാത്ര നടന്നുകയറിയത് ചരിത്രത്തിലേക്കാണ്. മലനാടും ഇടനാടും തീരവും പിന്നിട്ട് കേരളത്തിന്റെ ചരിത്രത്തിൽ പുതിയ ഏടുകൾ തുന്നിച്ചേർത്ത് സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങൾ മംഗലാപുരത്തിന്റെ മണ്ണിലെത്തുമ്പോഴേക്കും സമസ്തയെ കുറിച്ച് പൊതുസമൂഹത്തിലുണ്ടായിരുന്ന തെറ്റായ ധാരണകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചയാണ് കാണാനായത്.
തെക്കും വടക്കും വ്യത്യാസമില്ലാതെ കക്ഷി രാഷ്ട്രീയ ഭേതമന്യേ മതേതര കേരളം ഈ യാത്രയെ ഏറ്റെടുത്തു. സമസ്തയെ പരിചയപ്പെടുത്തി സൗഹാർദ്ധത്തിന്റെ സന്ദേശം പകർന്ന് സഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും മഹിതമായ ആശയങ്ങളെ സമൂഹത്തിലേക്ക് പകർന്ന് നൽകി സമസ്തയുടെ നായകൻ സമൂഹത്തിലേക്കിറങ്ങിയപ്പോൾ മതേതര കേരളം അദ്ദേഹത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചു. പിന്നിട്ട വഴികളിലെല്ലാം ആയിരക്കണക്കിന് മനുഷ്യർ സമസ്തയുടെ നായകനെ കാണാനായി മണിക്കൂറുകളോളം കാത്തു നിന്നു. വിദ്വേശത്തിന്റെ ഒരു വാക്ക് പോലും ഉരിയാടാതെ മത സൗഹാർദ്ദത്തിന്റെ സന്ദേശം പകർന്ന് അദ്ദേഹം ഓരോ ഇടങ്ങളിലും തന്നെ കേൾക്കാനെത്തിയവരുടെ മനം നിറച്ചു.
കന്യാകുമാരിയിൽ നിന്നും തെക്കൻ കേരളത്തിലെ ഓരോ സ്വീകരണ കേന്ദ്രങ്ങൾ പിന്നിടുമ്പോഴും സമസ്തയെ കേൾക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടേയിരുന്നു. മാറി നിന്നവരെല്ലാം യാത്രയുടെ ഭാഗമായി. തെക്കൻ കേരളം പിന്നിട്ട് മലബാറിന്റെ ഹൃദയഭൂമിയിലെത്തിയപ്പോഴേക്കും യാത്ര ജന നിബിഢമായി. മലപ്പുറത്തും, തിരൂരും, കോഴിക്കോടും,കണ്ണൂരും, കാസർഗോഡുമെല്ലാം ജന ബാഹുല്യം കൊണ്ട് വിസ്മയിപ്പിച്ചു. ഓരോ സ്വീകരണ കേന്ദ്രത്തിലും ഇതാണ് വലിയതെന്ന് കരുതി അടുത്ത ജില്ലയിലെത്തുമ്പോൾ അതിനേക്കാൾ വലിയ ജനാരവം അവിടെ തിങ്ങി നിറഞ്ഞു. സമാപനത്തിനായി കർണാടകയിലെ മംഗലാപുരത്തെത്തിയ യാത്രയെ നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. സംസ്ഥാന സമ്മേളനത്തിന്റെ പ്രതീതി ജനിപ്പിക്കും വിധത്തിൽ ബാംഗ്ലൂർ സമ്മേളനത്തെ ഓർമിപ്പിക്കുന്ന രീതിയിൽ അടയാർ കണ്ണൂരിൽ ജനങ്ങൾ തിങ്ങിനിറഞ്ഞു. ആയിരക്കണക്കിന് സമസ്തയെ കേൾക്കാനായി തിങ്ങി നിറഞ്ഞു.
കുമ്പോൽ കുഞ്ഞിക്കോയ തങ്ങളുടെയും കെ.എസ് അലി തങ്ങളുടെയും കർണാടക സ്പീക്കർ യു.ടി ഖാദറിന്റെയും സാന്നിധ്യം സമാപന സമ്മേളനത്തിന് കൂടുതൽ മികവേകി. തിങ്ങിക്കൂടിയ ആയിരങ്ങളെ സാക്ഷിയാക്കി സമസ്തയുടെ നിലപാട് പറ്ഞ്ഞപ്പോൾ സദസ് തക്ബീർ ദ്വനികൾ മുഴക്കി. ഇസ്‌ലാമിനെയും സമസ്തയെയും പരിചയപ്പെടുത്തി സഹിഷ്ണുതയുടെ സന്ദേശം പകർന്ന് ശതാബ്ദി സന്ദേശയാത്രക്ക് മംഗലാപുരത്തിന്റെ മണ്ണിൽ പരിസമാപ്തി കുറിക്കുമ്പോൾ മതേതര കേരളം ഒന്നടങ്കം പറയുന്നു. ഈ യാത്ര വെറുതെയായില്ല. ഇനി കുനിയയിൽ കാണാം.
മംഗലാപുരം അടയാർ കണ്ണൂരിൽ നടന്ന സമാപന സമ്മേളനം കർണാടക സ്പീക്കർ യു.ടി ഖാദർ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുൽ ഖാദർ ഖാസിമി അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖാ അഹമ്മദ് മൗലവി പ്രാർഥന നടത്തി. കേന്ദ്ര മുശാവറ അംഗം ഉസ്മാൻ ഫൈസി തോടാർ ആമുഖ ഭാഷണം നടത്തി.
കെ.എസ് അലി തങ്ങൾ കുമ്പോൽ ജാഥാ നായകൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളെ സ്ഥാന വസ്ത്രവും തലപ്പാവുമണിയിച്ചു. ജാഥാ ഉപനായകൻ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ജാഥാ ഡയറക്ടർ കെ. ഉമർ ഫൈസി മുക്കം, കോർഡിനേറ്റർ അബ്ദുസലാം ബാഖവി വടക്കെക്കാട്, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ദുല്ല ഫൈസി കൊടക്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കെ.പി.സി.സി സെക്രട്ടറി ഇനായത് അലി എന്നിവർ സംസാരിച്ചു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തി. യു.ടി ഇഫ്തിഖാർ അലി 10 ലക്ഷം രൂപയുടെ ഉപഹാരം സമസ്തക്ക് കൈമാറി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി സമാപന പ്രാർത്ഥന നടത്തി.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, ഉസ്മാൻ ഫൈസി തോടാർ, അബ്ദുല്ല ഫൈസി കൊടക്, സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, അബ്ദുൽ ഗഫൂർ അൻവരി, ശരീഫ് ബാഖവി കണ്ണൂർ, അലവി ഫൈസി കുളപ്പറമ്പ്, ഒളവണ്ണ അബൂബക്കർ ദാരിമി, ബഷീർ ഫൈസി ചീക്കോന്ന്, ജാഥാ അസി. കോർഡിനേറ്റർ കെ.മോയിൻ കുട്ടിമാസ്റ്റർ, മൂസ ഹാജി സുംഗതഘട്ട സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."