ജാമിഅ സമ്മേളനത്തിന് ഇന്ന് തുടക്കം; അബ്ദുല്ല അബൂ ഷാവേസ് ഉദ്ഘാടനം ചെയ്യും
പട്ടിക്കാട്: ഇന്ത്യയിലെ അത്യുന്നത മത കലാലയങ്ങളിൽ ഒന്നും കേരളത്തിലെ ഇസ് ലാമിക പ്രബോധന പ്രവർത്തനങ്ങളുടെ സിരാകേന്ദ്രവുമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ 63-ാം വാർഷിക 61-ാം സനദ് ദാന സമ്മേളനത്തിന് ഇന്ന് തുടക്കം. വൈകിട്ട് 4.30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന വാർഷിക സനദ് ദാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാവും. കോഴിക്കോട് വലിയ ഖാസി അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ സിയാറത്തിന് നേതൃത്വം നൽകും. ഫലസ്തീൻ അംബാസഡർ അബ്ദുല്ല അബൂ ഷാവേസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യതുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ പ്രാർഥന നിർവഹിക്കും. അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനാവും. അഡ്വ. ഹാരിസ് ബീരാൻ എം.പി മുഖ്യാതിഥിയാവും. അൽ മുനീർ പ്രകാശനം അബ്ദുൽ ഗഫൂർ നെന്മിനി ഏറ്റുവാങ്ങും.എം.എൽ.എമാരായ പി. അബ്ദുൽ ഹമീദ്, മഞ്ഞളാംകുഴി അലി, കെ.പി.എ മജീദ്, അഡ്വ. യു.എ ലത്തീഫ് കൂടാതെ നാലകത്ത് സൂപ്പി, എം.സി മായിൻ ഹാജി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ബശീർ ഫൈസി ദേശമംഗലം, ഹബീബ് ഫൈസി കോട്ടോപ്പാടം, എം.പി.എം ശരീഫ് കുരിക്കൾ സംസാരിക്കും.
6.30ന് ജാമിഅ നൂരിയ്യക്കു കീഴിൽ പ്രവർത്തിക്കുന്ന ഹിഫ്‌ള് കോളജ് വിദ്യാർഥികളുടെ കലാ സാഹിത്യ മേള വിജയികൾക്കുള്ള അവാർഡ് ദാനം ഹംദുല്ല സഈദ് എം.പി നിർവഹിക്കും. ഏഴിന് നടക്കുന്ന മദ് റസ മാനേജ്‌മെന്റ് സംഗമം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷനാവും. എസ്.വി മുഹമ്മദലി, സകരിയ്യ ഫൈസി കൂടത്തായി ക്ലാസ്സെടുക്കും. അഡ്വ. എൻ. ശംസുദ്ദീൻ എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, പി.എ ജബ്ബാർ ഹാജി, സാബിഖലി ശിഹാബ് തങ്ങൾ, മുഹമ്മദലി ഫൈസി മോളൂർ, ഡോ.സുബൈർ ഹുദവി ചേകന്നൂർ, എൻ.ടി.സി മജീദ് സംസാരിക്കും. ഒൻപതിന് നടക്കുന്ന ആത്മഗീത് മത്സര പരിപാടി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അലവി ഫൈസി കുളപ്പറമ്പ് അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."