തെരഞ്ഞെടുപ്പ്: ഓണക്കൂർ വാർഡ് നിലനിർത്തി എൽഡിഎഫ്, പായിമ്പാടം വാർഡിൽ യുഡിഎഫ്
മലപ്പുറം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് പ്രത്യേക തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാർഡുകളിലെ ഫലം പുറത്തുവന്നു. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടത്ത് യുഡിഎഫിന് വിജയം. പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ എൽഡിഎഫും വിജയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞത്ത് യുഡിഎഫിന് അട്ടിമറി വിജയം. ഇതോടെ ആകെ തെരഞ്ഞെടുപ്പ് നടന്ന മൂന്നിൽ രണ്ടിടത്തും യുഡിഎഫ് വിജയിച്ചു.
പായിമ്പാടം വാർഡിൽ യുഡിഎഫിന്റെ കൊരമ്പയിൽ സുബൈദയാണ് വിജയിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ പകുതിയിലധികം നേടിയാണ് സുബൈദയുടെ വിജയം. യുഡിഎഫ്-501 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് ആകെ നേടിയത് 279 വോട്ടുകളാണ്. ഇതോടെ 222 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിന് നേടാനായി. എൻഡിഎ- 14 വോട്ടുകളും സ്വതന്ത്രൻ- 6 വോട്ടുകൾക്കാണ് നേടിയത്. 84.21 ശതമാനമാണ് പോളിങ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥി വട്ടത്ത് ഹസീനയുടെ മരണത്തെ തുടർന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്.
ഓണക്കൂർ വാർഡ് നിലനിർത്തിയാണ് എൽഡിഎഫ് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി സി. ബി രാജീവ് 221 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ 15 വാർഡുകളുള്ള പാമ്പാക്കുട പഞ്ചായത്തിൽ യുഡിഎഫ് ആണ് ഭരണം നടത്തുന്നത്. വോട്ടെടുപ്പ് ദിനത്തിൽ യുഡിഎഫ് സ്ഥാനാർഥി സി.എസ് ബാബുവിന്റെ മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടുത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
അതേസമയം, ശ്രദ്ധേയമായ പോരാട്ടം നടന്ന വാർഡ് ആയിരുന്നു തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്. എൽഡിഎഫിന്റെ സിറ്റിംഗ് വാർഡായ യുഡിഎഫ് സ്ഥാനാർത്ഥി കെ. എച്ച്. സുധീർ ഖാനാണ് വിജയിച്ചത്. 172 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയം. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന്റെ സീറ്റ് വർധിച്ച് 20 സീറ്റായി.
നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം നേടാനുള്ള അവസരമായിരുന്നു വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ്. എന്നാൽ സീറ്റ് കോൺഗ്രസ് നേടിയതോടെ ബിജെപിയുടെ സ്വപ്നം ഇല്ലാതാക്കാൻ യുഡിഎഫിന് സാധിച്ചു. 2015 മുതൽ എൽഡിഎഫിന്റെ കയ്യിലുള്ള സീറ്റായിരുന്നു ഇത്. പതിറ്റാണ്ടിന് ശേഷം ഈ സീറ്റ് നഷ്ടപ്പെട്ടത് എൽഡിഎഫിനും തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."