രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തൽ; വി. കുഞ്ഞികൃഷ്ണൻ പുറത്തേക്ക്
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തൽ വഴി പാർട്ടിയെ പ്രതിരോധത്തിലാക്കിയ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ സി.പി.എമ്മിൽനിന്ന് പുറത്തേക്ക്. രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ ടി.ഐ മധുസൂദനൻ എം.എൽ.എ നടത്തിയ ധനാപഹരണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണനും അറിവുണ്ടായിരുന്നിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. നേതൃത്വത്തെ സംശയനിഴലിൽ നിർത്തിയുള്ള ആരോപണങ്ങളിൽ നടപടി എടുത്തില്ലെങ്കിൽ അത് പാർട്ടി അച്ചടക്കത്തെ ബാധിക്കുമെന്നതിനാൽ നാളത്തെ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാവും പുറത്താക്കൽ തീരുമാനമെന്നറിയുന്നു.
ധനരാജ് രക്തസാക്ഷി ഫണ്ടിനു പുറമേ പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ട്, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലും ടി.ഐ മധുസൂദനൻ വെട്ടിപ്പ് നടത്തിയെന്നാണ് കഴിഞ്ഞദിവസം സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ വി.കുഞ്ഞികൃഷ്ണൻ തുറന്നടിച്ചത്. കണക്കവതരിപ്പിക്കാൻ വൈകിയതുമാത്രമാണ് പ്രശ്നമെന്നും കാരണക്കാർക്കെതിരേ നടപടി എടുത്തുവെന്നുമാണ് സി.പി.എം കണ്ണൂർ നേതൃത്വം ഇതുവരെ വിശദീകരിച്ചത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അതു മാറ്റിപ്പറയാനാവില്ലെന്നതിനാൽ കുഞ്ഞികൃഷ്ണനെ കൈയൊഴിയുക മാത്രമാണ് പാർട്ടിക്കു പോംവഴി. നിസാര കാര്യങ്ങളുടെ പേരിൽ പോലും തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സി.പി.എം ബന്ധമുപേക്ഷിക്കുന്ന നേതാക്കൾ പെരുകുന്ന സാഹചര്യത്തിൽ പാർട്ടിയിൽ ശുദ്ധികലശം അനിവാര്യമാണെന്നും നേതൃത്വം കണക്കുകൂട്ടുന്നു. എന്നാൽ താൻ മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും പാർട്ടി ഘടകങ്ങളിൽ പലവട്ടം പരാതിപ്പെട്ടിട്ടും നീതി ലഭിക്കാത്തതിനാലാണ് ചാനലിലെ വെളിപ്പെടുത്തലുമെന്നുമാണ് കുഞ്ഞികൃഷ്ണൻ പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വി.കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകൾക്കു പിന്നിൽ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നറിയുന്നു. ചില മുതിർന്ന നേതാക്കളും വലിയൊരു വിഭാഗം അണികളും നൽകുന്ന പിന്തുണയുടെ ബലത്തിലാണ് കുഞ്ഞികൃഷ്ണൻ തുറന്നുപറച്ചിലിനൊരുങ്ങിയതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."