റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി
തിരുവനന്തപുരം: സംസ്ഥാനത്ത് കെ- സ്‌റ്റോറുകളായി മാറിയ റേഷൻ കടകൾ വഴി ഇനി ബാങ്കിങ് ഇടപാടുകളും നടത്താം. കെ- സ്‌റ്റോറുകൾ വഴി പണമിടപാട് നടത്താനുള്ള സൗകര്യമൊരുക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എസ്.ബി.ഐ ഉൾപ്പെടെ 19 പ്രമുഖ ബാങ്കുകളുമായി സർക്കാർ ധാരണാപത്രം ഒപ്പിട്ടു. സാധാരണക്കാർക്ക് വീടിനടുത്ത് തന്നെ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രാഥമിക ഘട്ടത്തിൽ 10,000 രൂപ വരെയുള്ള പണമിടപാടുകളാണ് കെ-സ്‌റ്റോറുകൾ വഴി അനുവദിക്കുക. ആധാർ അധിഷ്ഠിത പേയ്‌മെന്റ് സിസ്റ്റം (എ.ഇ.പി.എസ്) വഴിയാണ് ഈ സേവനം ലഭ്യമാവുക. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പണം മാറ്റാനും ഇതിലൂടെ സാധിക്കും. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നതിനാൽ സുരക്ഷിതമായ ഇടപാടുകൾ ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് 2,200ലധികം റേഷൻ കടകൾ കെ-സ്‌റ്റോറുകളായി മാറിക്കഴിഞ്ഞു. നിലവിൽ പാസ്‌പോർട്ട് അപേക്ഷകൾ, ആധാർ സേവനങ്ങൾ, ബിൽ അടവ് തുടങ്ങിയ സേവനങ്ങൾ കെ-സ്‌റ്റോർ വഴി ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."