ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം
മിന്നിയപൊളിസ്: ട്രംപിന്റെ കുടിയേറ്റ നയവുമായി ബന്ധപ്പെട്ട് യു.എസിലുണ്ടായ പ്രക്ഷോഭം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മിന്നിയപൊളിസിൽ നടന്ന പ്രക്ഷോഭത്തിൽ യുവാവ് കൊല്ലപ്പെട്ടു. 37കാരനായ അലെക്‌സ് പ്രെറ്റിയെന്നയാളാണ് കൊല്ലപ്പെട്ടത്. ഇതോടെ മിന്നിയപൊളിസ് പ്രതിഷേധം തെരുവുകളിൽ കത്തിപ്പടരുകയാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. പ്രതിഷേധം മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കാനാണ് സാധ്യത.
കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനിടെയുള്ള വാഹന പരിശോധനയ്ക്കിടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യുവതിയെ വെടിവച്ചു കൊന്നതിനു പിന്നാലെയാണ് മിന്നിയപൊളിസിൽ പ്രക്ഷോഭം തുടങ്ങിയത്.കുടിയേറ്റ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കൂടുതൽ അധികാരങ്ങൾ നൽകിയിരുന്നു. ഇത്തരത്തിൽ കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരിൽ ഇമിഗ്രേഷൻ ഓഫിസർമാർ നടത്തുന്ന പരിശോധനയ്ക്കിടെയാണ് യുവതി കൊല്ലപ്പെട്ടത്. ഈ സംഭവത്തെ ട്രംപ് പിന്നീട് ന്യായീകരിക്കുകയും ചെയ്തു. ആഭ്യന്തര ഭീകരവാദി എന്നായിരുന്നു കൊല്ലപ്പെട്ട യുവതിയെക്കുറിച്ച് ട്രംപിന്റെ വിവാദ പരാമർശം.
യു.എസ് ബോർഡർ പട്രോൾ ഏജന്റാണ് മിന്നിയപൊളിസ് സ്വദേശിയായ പ്രെറ്റിയെ വെടിവച്ചു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് പ്രെറ്റി ഗുരുതരമായി വെടിയേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്ന് മിന്നിയപൊളിസ് പൊലിസ് മേധാവി ബ്രയാൻ ഒഹാര പറഞ്ഞു. നേരത്തെ യു.എസ് പ്രസിഡന്റിന്റെ കുടിയേറ്റ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചയാളാണ് കൊല്ലപ്പെട്ട അലെക്‌സ പ്രെറ്റി.
ന്യായീകരിച്ച് അധികൃതർ, കള്ളമെന്ന് ഗവർണർ
വാഷിങ്ടൺ: അലക്‌സ് പ്രെറ്റി അക്രമാസക്തമായി പെരുമാറിയതു മൂലമാണ് വെടിവച്ചതെന്ന് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയേം പറഞ്ഞു. അലക്‌സിന്റെ കൈയിൽ തോക്കുണ്ടായിരുന്നുവെന്നും ഒരു തോക്കിന്റെ ചിത്രവും യു.എസ് ഹോംലാന്റ് സെക്യൂരിറ്റി പുറത്തുവിട്ടു. ഫെഡറൽ അതോരിറ്റി കള്ളം പറയുകയാണെന്നും അംസബന്ധമാണ് പ്രവർത്തിക്കുന്നതെന്നും മിന്നെസോട്ട ഗവർണർ ടിം വാൽസ് പറഞ്ഞു. അലക്‌സ് കൊല്ലപ്പെട്ടതിൽ അന്വേഷണം വേണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ബിൽ കാസിഡിയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."