അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ഇ ശ്രീധരൻ അവതരിപ്പിച്ച അതിവേഗ റെയിലിനെ പരസ്യമായി തള്ളാതെയും കൊള്ളാതെയും സംസ്ഥാന സർക്കാർ. സംസ്ഥാന സർക്കാർ നേരത്തെ വിഭാവനം ചെയ്ത കെ റെയിലിന് ബദലായാണ് പുതിയ അതിവേഗ റെയിൽ. നല്ല പദ്ധതിയെ എന്തിന് എതിർക്കണമെന്നായിരുന്നു ഇന്നലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കിയത്. ഇ ശ്രീധരന്റെ പദ്ധതിയെക്കുറിച്ച് വ്യക്തമായ മറുപടി പറയാതെ അതിവേഗ പാതകൾ വേണമെന്ന കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി പലമാർഗങ്ങളും തേടാമെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ചുമതലകൾ മന്ത്രി വി.അബ്ദുറഹിമാനും മെട്രോയുമായി ബന്ധപ്പെട്ട ചുമതല മുഖ്യമന്ത്രിക്കുമാണ്. മുഖ്യമന്ത്രി അതിവേഗ റെയിലുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ അതിവേഗ റെയിലുമായി ബന്ധപ്പെട്ട ഫയലുകളൊന്നും തന്റെ പക്കലെത്തിയിട്ടില്ലെന്നായിരുന്നു വി.അബ്ദുറഹിമാൻ പ്രതികരിച്ചത്. ഹൈസ്പീഡ് കോറിഡോർ കേരളത്തിന് ആവശ്യമാണെന്ന് മന്ത്രി പറയുമ്പോഴും ഭാരതപ്പുഴയ്ക്ക് കുറുകെ പാലം വരുന്നതിനെതിരേ കോടതിയിൽ പോയ ഇ ശ്രീധരന്റെ മുൻനിലപാട് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആകരുതെന്ന മുന്നറിയിപ്പും മന്ത്രി വി.അബ്ദുറഹിമാൻ നൽകുന്നുണ്ട്.
അതേസമയം, അതിവേഗ റെയിലിനെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അതിവേഗ റെയിൽ വരട്ടെയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. പാരിസ്ഥിതിക, സാമ്പത്തിക വിഷയങ്ങളിലും കൃത്യമായ ഡി.പി.ആർ ഇല്ലാത്തതിന്റെ പേരിലുമാണ് പ്രതിപക്ഷം കെ റെയിലിനെ എതിർത്തത്. അതിന്റെ അർഥം കേരളത്തിൽ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ വേണ്ടെന്നല്ല. ബദലുകൾ പരിശോധിക്കട്ടെ. യു.ഡി.എഫ് സബ് കമ്മിറ്റി പഠനം നടത്തിയ ശേഷമാണ് കെ റെയിൽ പ്രായോഗികമല്ലെന്ന് പറഞ്ഞത്. അത് ഇപ്പോൾ ശരിയെന്ന് തെളിഞ്ഞു. സർക്കാർ തന്നെ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു.
ഏത് പദ്ധതി വന്നാലും സ്വാഗതം ചെയ്യും. നിലവിലുള്ള റെയിൽവേ ലൈൻ വളവുകൾ നികത്തി സ്പീഡ് റെയിൽ കൊണ്ടു വരാവുന്നതാണ്. പക്ഷേ, ഒന്നും പഠിക്കാതെയുള്ള തട്ടിക്കൂട്ട് പദ്ധതി ആയതുകൊണ്ടാണ് സിൽവർ ലൈനിനെ എതിർത്തത്. നല്ല കാര്യങ്ങൾ വരുമ്പോൾ എതിർക്കില്ലെന്നുമാണ് വി.ഡി സതീശൻ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."