പറയാനുള്ളത് നേതൃത്വത്തോട് പറയും; 'ദുബൈയിലെ ചർച്ച' മാധ്യമ സൃഷ്ടിയെന്നും ശശി തരൂർ
ന്യൂഡൽഹി: സിപിഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്ത തള്ളി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. പറയാനുള്ളതെല്ലാം പാർട്ടി നേതൃത്വത്തോട് പറയുമെന്നും അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും ശശി തരൂർ ന്യൂ ഡൽഹിയിൽ പ്രതികരിച്ചു. ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തത് വൈകി ക്ഷണിച്ചതിനാൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
‘പറയാനുള്ള വിഷയങ്ങളൊക്കെ കോൺഗ്രസ് നേതൃത്വത്തോട് പറയും. അവസരം വരുമെന്നതിൽ ഒരു സംശയവുമില്ല. പാർലമെന്റ് സമയത്ത് എല്ലാവരുമുണ്ടല്ലോ’ – ശശി തരൂർ പറഞ്ഞു.
ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാഞ്ഞത് ക്ഷണിച്ച സമയത്ത് ഇവിടെ ഇല്ലാത്തതുകൊണ്ടാണ്. ഇന്നലെയോ അതിന്റെ തലേന്നോ ആയിരുന്നു എന്നെ ക്ഷണിച്ചത്. നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റ് അതിന് മുൻപ് ബുക്ക് ചെയ്തിരുന്നു എന്നും തരൂർ പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ പറയാനില്ല, കൂടുതൽ പറഞ്ഞാൽ വീണ്ടും ചോദ്യങ്ങൾ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂർ സിപിഎമ്മിലേക്ക് പോകുന്നു എന്നും ഇതുസംബന്ധിച്ച് ദുബൈയിൽ ചർച്ച നടന്നെന്നും ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും മറുപടി പറയുന്നില്ലെന്നും ദുബൈയിൽ വച്ചും മാധ്യമങ്ങളോട് ശശി തരൂർ പറഞ്ഞിരുന്നു. ചർച്ച നടത്തിയെന്നു വാർത്തകളിൽ പറയുന്ന സമയത്തു താൻ വിമാനത്തിലായിരുന്നുവെന്നും ശശി തരൂർ പറഞ്ഞിരുന്നു.
അതേസമയം, 28നു പാർലമെന്റ് സമ്മേളനം ആരംഭിച്ച ശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് തരൂർ. അടുത്തിടെ കൊച്ചിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചുവെന്ന പരാതി ശശി തരൂരിന് ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."